പാലക്കാട്: കനത്ത മഴയില്‍ തൃത്താല മണ്ഡലം വെള്ളത്തിലായിട്ടും തിരിഞ്ഞു നോക്കാത്ത വി.ടി. ബല്‍റാം എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ഇന്നു വൈകിട്ട് നാലോടെയായിരുന്നു സംഭവം. വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടര്‍ പൂര്‍ണ്ണമായും തുറന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ എംഎല്‍എ ഇടപെട്ടില്ലന്നു പറഞ്ഞാണ് നാട്ടുകാര്‍ ബല്‍റാമിനെ തടഞ്ഞുവെച്ചത്. കനത്ത മഴയെ തുടര്‍ന്ന് തൃത്താല-പട്ടാമ്പി മേഖലകളില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളംകയറിയിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് ഭാരതപ്പുഴ ഇരുകരയിലും കയറി ഒഴുകാന്‍ തുടങ്ങിയത്. ഇതോടെ തീരദേശ മേഖല വെള്ളത്തിനടിയിലായി. വെള്ളിയാങ്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുകള്‍ വശം തഴുകിയാണ് നിള രൗദ്രഭവത്തില്‍ ഒഴുകുന്നത്. ഇതോടെ പട്ടാമ്പി പാലം മുഴുവനായും വെള്ളത്തിനടിയിലായി.
കഴിഞ്ഞ പ്രളയകാലത്തും പട്ടാമ്പി പാലം കരകവിഞ്ഞു ഒഴുകിയിരുന്നു. വെള്ളിയങ്കലിന്റെ ഷട്ടറുകള്‍ മുഴുവനായും തുറക്കാത്തതാണ് പട്ടാമ്പി തൃത്താല മേഖലകളെ വെള്ളത്തിലാഴ്‌ത്തിയത് എന്ന് കഴിഞ്ഞതവണതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കുറിയും ഷട്ടര്‍ ഉയര്‍ത്താന്‍ അധികൃതര്‍ തയാറായില്ല. ഷട്ടറുകളുടെ ബലക്ഷയവും. ഷട്ടറുകള്‍ ഉയര്‍ത്താനുള്ള സാങ്കേതിക പ്രശ്‌നങ്ങളുമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതു മൂലമാണ് പട്ടാമ്പി നഗരം വെള്ളത്തിനടിയിലായതും വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതും. മലമ്പുഴ ഡാം തുറതിന് ശേഷമാണ് കഴിഞ്ഞ പ്രളയത്തില്‍ പട്ടാമ്പി ടൗണില്‍ വെള്ളം കയറിയത്.
എന്നാല്‍ ഇക്കുറി ഡാം തുറക്കാതെ തന്നെ പട്ടാമ്പി ടൗണിലും തീരപ്രദേശങ്ങളിലും പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടര്‍ പൂര്‍ണ്ണമായും തുറക്കാന്‍ കഴിയാത്തതാണ് വെള്ളം കയറാന്‍ കാരണം. ഇതോടെയാണ് നാട്ടുകാര്‍ പ്രകോപിതരായത്. 27 ഷട്ടറുകളില്‍ 14 ഷട്ടറുകള്‍ പൂര്‍ണമായും രണ്ടു ഷട്ടറുകള്‍ ഭാഗികമായുമാണ് ഉയര്‍ത്താന്‍ സാധിച്ചത്. ബാക്കി 10 ഷട്ടറുകള്‍ അറ്റകുറ്റപണി നടത്തിയിട്ടേ തുറക്കാന്‍ സാധിക്കൂവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രാവിലെ ക്രെയിന്‍ ഉപയോഗിച്ച് ഷട്ടറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പട്ടാമ്പി തൃത്താല മേഖലയിലെ തീര പ്രദേശങ്ങള്‍ വെള്ളത്തിലായി. എല്ലാ ഷട്ടറുകളും പൂര്‍ണ്ണമായും തുറക്കാത്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ വി.ടി ബല്‍റാമിനെ വെള്ളിയാങ്കല്ല് പാലത്തില്‍ വെച്ചാണ് തടഞ്ഞത്. പാലം സന്ദര്‍ശിക്കാന്‍ എത്തിയ എം.എല്‍.എയോട് ഷട്ടറുകളുടേ കേടുപാടുകള്‍ പരിഹരിക്കാത്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തുടര്‍ന്ന് പോലീസെത്തിയാണ് എംഎല്‍എയെ പ്രതിഷേധക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയത്.
















