രാമന് സഹോദരന്മാരെ വരുത്താന്‍ കല്പിച്ചു. അവര്‍ മൂവരും വന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന് പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍ തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു. സീതക്ക് വനത്തില്‍പോകണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമല്ലോ. അതിനാല്‍ നാളെ സീതയുടെ ആഗ്രഹപ്രകാരം ലക്ഷ്മണന് രഥത്തില്‍ കയറ്റി വാല്മീകിയുടെ ആശ്രമത്തിനടുത്തുകൊണ്ടുപോയി വിടണം. എന്നോട് എതിരു പറഞ്ഞാല്‍ മരണമാണ് ഫലം എന്നും ഓര്‍മ്മിച്ചോളണം.’
അടുത്ത ദിവസം രഥം വരുത്തി സീതയെ അതില്‍ കയറ്റി വളരെ ദുഃഖിതനായ ലക്ഷ്മണന് വനത്തിലേക്കുകൊണ്ടുപോയി. വാല്മീകിയുടെ ആശ്രമത്തിനടുത്തെത്തിയപ്പോള്‍ പ്രജകളുടെ അഭിപ്രായവും സീതയെ അവിടെ വിട്ടിട്ടു ചെല്ലാന്‍ ജ്യേഷ്ഠന് കല്പിച്ചതും പറഞ്ഞിട്ട് ലക്ഷ്മണന് വാവിട്ടു കരയാന്‍ തുടങ്ങി. സീത ദുഃഖം അടക്കിക്കൊണ്ട് ‘ജ്യേഷ്ഠനെ നന്നായി പരിചരിച്ചുകൊള്ളണം’ എന്ന് ലക്ഷ്മണനെ ആശ്വസിപ്പിച്ചു. എന്നിട്ട് നിലത്തുവീണുരുണ്ടു കരയുന്ന സീതയെ നോക്കിനോക്കി മനസ്സില്ലാമനസ്സോടെ ലക്ഷ്മണന് അയോദ്ധ്യയിലേക്കു മടങ്ങി. സീതദേവി നിലത്തുകിടന്നുരുണ്ട് നിലവിളിക്കുന്നത് വാല്മീകിയുടെ ശിഷ്യന്മാര് കേട്ട് മഹര്‍ഷിയോട് വിവരം അറിയിച്ചു. എല്ലാമറിയുന്ന മഹര്‍ഷി സീതയെ തന്റെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.
വൈദേഹിയോടും കൂടിച്ചെന്നു വാല്മീകിമുനി-
യാദരവോടും നിജ പര്‍ണ്ണശാലയില്‍ പുക്കാന്‍
താപസീജനത്തോടും ചൊല്ലിനാന്‍ മുനീന്ദ്രനും
താപംകൂടാതെ നിങ്ങള്‍ പാലിക്ക വൈദേഹിയെ.
ശ്രീരാമന്റെ ദുഃഖം- ലക്ഷ്മണസാന്ത്വനം
സീതയെ വനത്തില്‍ വിട്ടിട്ട് ലക്ഷ്മണന് അയോദ്ധ്യയില്‍ മടങ്ങിയെത്തിയപ്പോള്‍ കാണുന്നത് ഇപ്രകാരമാണ്.
ആനനപത്മം വാടിയാരെയും നോക്കീടാതെ
മാനസഖേദത്തോടും കണ്ണുനീര് വാര്‍ത്തുവാര്‍ത്തു
മാനവവീരന്‍ കുമ്പിട്ടിരിക്കുന്നതുകണ്ടു.
മാനിയാം സൗമിത്രി പാദാംബുജം വണങ്ങിനാന്‍.
അതു കണ്ട് ലക്ഷ്ണണന്‍ ചോദിക്കുന്നു.
ജ്ഞാനമില്ലാതെ മൂഢജനത്തെപ്പോലെ ഭവാന്
മാനസേ ഖേദിപ്പതിനെന്തു കാരണം നാഥാ?
തുടര്‍ന്ന് പണ്ട് ശ്രീരാമന് തനിക്കുപദേശിച്ചു തന്ന ആത്മജ്ഞാനം ലക്ഷ്മണന് ഓര്‍മ്മിപ്പിക്കുന്നു. ദേഹം, ഭവനം, ധനം, പുത്രകളത്രാദികള്‍ എന്നിവയോടു പിരിയാത്ത ദേഹി (ആത്മാവ്)കള്‍ ഈ ഭൂമിയിലുണ്ടോ? വഴിയാത്രക്കാര്‍ വഴിയമ്പലത്തില്‍ ഒത്തുകൂടിയിട്ട് പിരിഞ്ഞുപോകുന്നതുപോലെയല്ലേ മാതാവ്, പിതാവ്, പുത്രന്, പുത്രി, ഭാര്യ, ധനം തുടങ്ങിയവ കുറെക്കാലം അനുഭവിച്ചിട്ട് പിന്നെ ഉപേക്ഷിക്കേണ്ടിവരുന്നത്.? അതിനെച്ചൊല്ലി ദുഃഖിക്കുന്നത് അജ്ഞാനികളല്ലേ? അങ്ങേക്ക് ഇതെല്ലാമറിയാമെങ്കിലും ഇപ്പോള്‍ ശോകംമൂലം അന്ധത്വം സംഭവിച്ചിരിക്കുന്നു. സ്ത്രീയെപ്പിരിഞ്ഞതുകാരണം രാജാവിനും ദുഖമുണ്ടായെന്ന് ജനങ്ങള്‍ പരിഹസിക്കുകയില്ലേ?
ധീരനെത്രയും രാമനെന്നുചൊല്ലീടുന്നതും
പാരമെത്രയുമുണ്ടുചാപല്യമറിഞ്ഞാലും.
എന്നെല്ലാമവരവര്‍ ടൊല്ലീടുന്നതുമോര്‍ത്താല്‍
നന്നല്ല മഹാമതേ! രാഘവ! മഹീപതേ!
എല്ലാജാതിയും വിഷാദം കളയേണമതു
നല്ലതു സുഖദുഃഖം മിശ്രമായിട്ടേയുള്ളു.
സൗമിത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശ്രീരാമന് സമാധാനിച്ചുകൊണ്ട് ഇനി നടക്കേണ്ട കാര്യങ്ങളെപ്പറ്റി ചിന്തിക്കണം എന്നു പറഞ്ഞു. വാചാരിച്ചിരിക്കാതെ രാജാക്കന്മാര്ക്കും ആപത്തുവരും, എന്ന് ലക്ഷ്ണമനോട് ഉദാഹരണമായി ശ്രീമദ് ഭാഗവതത്തിലെ നൃഗചരിതം കഥ വിവരിക്കുന്നു.
നൃഗചരിതം
പണ്ട് അയോദ്ധ്യയില്‍ നൃഗനെന്നൊരു രാജശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം കോടിക്കണക്കിന് പശുക്കളെ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. പുണ്യവാനെന്നു കീര്‍ത്തികേട്ട് സുഖമായി വസിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു ബ്രാഹ്മണനു ദാനം ചെയ്ത പശുക്കളില്‍ നിന്നും ഒരെണ്ണം കൂട്ടത്തില്‍ നിന്നും തെറ്റി വീണ്ടും രാജാവിന്റെ തൊഴുത്തില്‍ പശുക്കളുടെ കൂട്ടത്തില്‍ വന്നുകൂടി. രാജാവ് ഇതറിയാതെ മറ്റൊരു ബ്രാഹ്മണന് ആ പശുവിനെ ദാനം ചെയ്തു. ദാനം കിട്ടിയ പശുക്കളുമായി പോകുമ്പോള്‍ ആദ്യം ദാനം കിട്ടിയ ബ്രാഹ്മണന് തന്റെ പശുവിനെ തിരിച്ചറിഞ്ഞു. ആപശു തന്റേതാണെന്നു വാദിച്ചു. ഇല്ല, തനിക്കു ദാനം തന്നതാണെന്ന് രണ്ടാമത്തെ ബ്രാഹ്മണനും വാദിച്ചു. രണ്ടുകൂട്ടരും പശുവിനെയുംകൊണ്ട് പരാതിപ്പെടാനായി നൃഗരാജാവിനെ സമീപിച്ചു. എന്നാല്‍ ഗോപുരവാതില്ക്കല് ചിലനാള്‍ കാത്തുനിന്നിട്ടും രാജാവിനെ കാണാന്‍ സാധിച്ചില്ല. ആ ബ്രാഹ്മണര്‍ രാജാവിനെ ശപിച്ചു. വളരെക്കാലം പൊട്ടക്കിണറ്റില്‍ ഓന്തായിക്കിടക്കുക. എന്നായിരുന്നു ശാപം. ദ്വാപരയുഗത്തിന്റെ അവസാനം ശ്രീകൃഷ്ണന് ശാപമുക്തിനല്‍കുമെന്നും അവര്‍ പറഞ്ഞു. അപ്രകാരം ശ്രീകൃഷ്ണന് നൃഗന് ശാപമോക്ഷം നല്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: