ഇസ്ലാമബാദ് : ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാക് പാര്‍ലമെന്റ് സംയുക്ത യോഗം വിളിച്ചു. പ്രസിഡന്റ് ആരിഫ് അല്‍വിയാണ് സംയുക്തയോഗം വിളിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 11.30നാണ് സമ്മേളനം. ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സ്ഥിതിവിശേഷം സംയുക്ത സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദവി എടുത്തു കളയാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതോടെ പാക്കിസ്ഥാന്റേയും പാക് അനുകൂല ഭീകര സംഘടനകള്‍ക്കും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും മറ്റും നടത്തിയിരുന്ന കടന്നുകയറ്റങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ നടപടി. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നയുടന്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയാണ് പാക്കിസ്ഥാന്‍ ആദ്യം ചെയ്തത്.
അതേസമയം ഇന്ത്യയുടെ ഈ നിലപാടില്‍ പ്രതിഷേധിക്കുന്നതിനായി പാക്കിസ്ഥാന്‍ മറ്റു വിദേശ രാജ്യങ്ങളുടെ സഹായം തേടി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നത് യുഎന്‍ പ്രമേയത്തിന് വിരുദ്ധമാണെന്നും ജനങ്ങളുടെ ഹിതത്തിന് എതിരാണെന്നുമാണ് പാക് പ്രസിഡന്റ് ആരിഫ് അല്‍വി ഇതിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നീക്കത്തെ സാധ്യമായ എല്ലാ തരത്തിലും പ്രതിരോധിക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ഇസ്ലാമാദിലെ എല്ലാ നയതന്ത്ര ആസ്ഥാനങ്ങള്‍ക്കും ചുറ്റും കനത്ത സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ഹൈക്കമ്മീഷന് ചുറ്റും സായുധ, കലാപ നിയന്ത്രണ സേനയേയും നിയോഗിച്ചിട്ടുണ്ട്.
















