കശ്മീരിന്റെ പ്രത്യേക പദവിയും 370-ാം വകുപ്പും മറ്റും ചര്‍ച്ചയാകുന്നത് 1950കളിലാണ്. അന്ന് ഞാന്‍ വിദ്യാര്‍ഥി. കേരളത്തില്‍ ഈ വിഷയമൊന്നും വലിയ ചര്‍ച്ചയായിരുന്നില്ല. കോളേജില്‍ പഠിക്കുമ്പോള്‍, അന്ന് തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രചാരകനായിരുന്ന ലക്ഷ്മീനാരായണന്‍ ഒരിക്കല്‍ കശ്മീര്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഓര്‍മയുണ്ട്. അങ്ങനെയാണ് ആദ്യമായി വിഷയം അറിയാന്‍ ശ്രമിച്ചത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സത്യഗ്രഹ സമരം നടക്കുമ്പോള്‍ അന്ന് എംപിയായിരുന്ന ശ്രീനാരായണപിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം ഈ കാര്യം വിശദമായി പരാമര്‍ശിച്ചിരുന്നു.
പില്ക്കാലത്ത് ഓര്‍ഗനൈസര്‍ വാരികയും പാഞ്ചജന്യയും മറ്റും വായിച്ചാണ് കൂടുതല്‍ അറിഞ്ഞത്. അതിലെല്ലാംതന്നെ വിശദമാക്കിയിരുന്നു, 370-ാം വകുപ്പ് താല്‍ക്കാലികമാണെന്ന്. രാഷ്ട്രപതിക്ക്, എപ്പോള്‍ ഇത് അനാവശ്യമാണെന്ന് തോന്നുന്നോ അപ്പോള്‍ ഒരു ഉത്തവിലൂടെ റദ്ദാക്കാവുന്നതേ ഉള്ളുവെന്ന്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകപോലും വേണ്ട. ഇപ്പോള്‍ ഈ വകുപ്പ് ഇല്ലാതാക്കി, ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികള്‍ ഇല്ലാതാക്കി, ജമ്മു കശ്മീര്‍ റീ ഓര്‍ഗനൈസിങ് ബില്‍ അവതരിപ്പിക്കുന്നതുകൊണ്ടാണ് ഈ വിഷയം പാര്‍ലമെന്റില്‍ വരുന്നത്.
വാസ്തവത്തില്‍ കശ്മീരിന് കിട്ടുന്ന സ്വാതന്ത്ര്യമാണിത്. ഡോ. മുഖര്‍ജി നടത്തിയ നിരാഹാര സമരം, കശ്മീരിന് ഇന്ത്യയുടെ മറ്റു പ്രദേശങ്ങള്‍ക്കും അവിടങ്ങളിലെ ജനങ്ങള്‍ക്കും ലഭ്യമായ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്നതിനെതിരേയായിരുന്നു. കശ്മീരിനെ പ്രത്യേക പദവി നല്കി രാജ്യത്തിന്റെ മറ്റു ഭാഗത്തുനിന്ന് വേര്‍തിരിക്കുകയും അവിടത്തുകാര്‍ക്ക് വിവിധ സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുകയും മറ്റുള്ള ജനതയ്ക്ക് കശ്മീരില്‍ വിലക്കുകള്‍ ഉണ്ടാക്കുകയുമായിരുന്നു. അതു നീക്കാനായിരുന്നു സമരം. ഇന്ന് ആ സ്വാതന്ത്ര്യം ജമ്മു കശ്മീരിന് ലഭ്യമാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.
പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ, കശ്മീരില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്ക് ആ സംസ്ഥാനത്ത് അവകാശങ്ങള്‍ നിഷേധിക്കുകയായിരുന്നു ഈ നിയമവും പ്രത്യേക പദവികളും വഴി. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ഒരേപോലെ കാണുവാനുള്ള നിര്‍ണായക തീരുമാനമാണിപ്പോള്‍ കൈക്കൊണ്ടത്. ജനസംഘത്തിന്റെ എല്ലാ വാര്‍ഷിക യോഗങ്ങളിലും 370-ാം വകുപ്പ് നീക്കല്‍ പ്രമേയമായിരുന്നു. ബിജെപിയും അതു തുടര്‍ന്നു വന്നു.
മുഖര്‍ജിയുടെ കശ്മീര്‍ നിരാഹാര സത്യഗ്രഹത്തിന് കേരള ബന്ധമുണ്ട്. സത്യഗ്രഹത്തില്‍ കേരളത്തില്‍നിന്ന് ഒരാള്‍ പങ്കെടുത്തിരുന്നു. ബിജെപിയുടെ നേതാവായിരുന്ന, അന്തരിച്ച എ.കെ. ശങ്കരമേനോന്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി. അദ്ദേഹം ബെംഗളൂരുവില്‍ പഠിക്കുകയായിരുന്നു. അവിടെവെച്ച് മുഖര്‍ജിയുടെ പ്രഭാഷണം കേട്ടു, സത്യഗ്രഹത്തില്‍ ചേര്‍ന്നു.
കശ്മീരിലെ 370-ാം വകുപ്പിന്റെ ചുവടുപിടിച്ച് ചില വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വേറിട്ടു നില്‍ക്കാനുള്ള പ്രവണത കാണിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍, പ്രത്യേകിച്ച് രാജീവ് ഗാന്ധിയുടെ കാലത്ത് ആ സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ ചില പദവികള്‍ നല്കി. എന്നാല്‍, അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, ആ പദവികള്‍ നീക്കി. പകരം സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചു. ഈ കാര്യങ്ങള്‍ക്കായി ഒരാഴ്ച നേരിട്ട് വാജ്പേയി അവിടങ്ങളില്‍ താമസിച്ചു, ചര്‍ച്ചകള്‍ നടത്തി.
കോണ്‍ഗ്രസ് അധ്യക്ഷനും കൂടിയായ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ, കശ്മീരിന് ‘ആസാദിയില്‍ കുറയാത്ത’ അധികാരങ്ങള്‍ നല്‍കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചതും അത് വിവാദമായതും ഈ സമയത്ത് ഓര്‍മിക്കുന്നു. കശ്മീരിനെക്കുറിച്ച്, 370-ാം വകുപ്പിനെക്കുറിച്ച്, ശ്യാമപ്രസാദ് മുഖര്‍ജിയെക്കുറിച്ച്, ചരിത്രവും രാഷ്ട്രീയവും സമരവും തുടങ്ങി സകലതും അറിയാന്‍ സഹായിക്കുന്ന മൂന്നു പുസ്തകങ്ങള്‍ പെട്ടെന്ന് ഓര്മ വരുന്നു. എച്ച്.വി. ശേഷാദ്രിയുടെ ‘വിഭജനത്തിന്റെ ദുഃഖകഥ,’ കെ. രാമന്‍പിള്ള എഴുതിയ ‘ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രം,’അശുതോഷ് തയാറാക്കിയ ‘ജമ്മു കശ്മീര്‍ വസ്തുതകളുടെ വെളിച്ചത്തില്‍.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: