സീതാപരിത്യാഗം ശ്രീരാമനും സീതയും കൂടിയാലോചിച്ച് മുന്‍കൂര്‍ തീരുമാനിച്ചുവെന്നാണ് മൂലത്തില്‍ കാണുന്നത്. (സര്‍ഗ്ഗം-4-ശ്ലോ. 34 മൂ 44) മൂന്നുലോകങ്ങളും ആരുടെ ചരണാരവിന്ദങ്ങളെ വന്ദിക്കുന്നുവോ ആ രാമന്‍ ഏകപത്‌നീ വ്രതത്തോടെ സീതാദേവിയോടൊപ്പം പതിനായിരം വര്‍ഷം ഭൂഭാരം ചെയ്തു. ഒരു ദിവസം സീതയും ശ്രീരാമനും ക്രീഡാവനത്തില്‍ സൈ്വരമായിരിക്കുമ്പോള്‍ ദേവി മെല്ലെശ്രീരാമപാദങ്ങള്‍ തന്റെ മടിയില്‍ എടുത്തുവച്ച് തടവിക്കൊണ്ടിരുന്നു. എന്നിട്ടിങ്ങനെ പറഞ്ഞു,
ദേവദേവ ജഗന്നാഥ,
പരമാത്മന്‍ സനാതന
ചിദാനന്ദാദിമധ്യാന്തരഹിതാ
ശേഷകാരണ
ദേവദേവാഃ സമാസ്യാദ്യ
മാമേകാന്തേളബ്രുവന്‍ വചഃ
ബഹുശോളര്‍ത്ഥയമാനാസ്‌തേ
വൈകുണ്ഠാഗമനം പ്രതി.
ഹേ ദേവാദിദേവ, ഹേ സനാതന, പരമാത്മന്‍! ഹേ ചിദാനന്ദ രൂപന്‍, ആദിമധ്യാന്തരഹിതനും സകലത്തിനും കാരണക്കാരനുമായ ദേവ, ദേവന്മാര്‍ ഏകാന്തമായി എന്നെ സമീപിച്ച് ഒരഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു. നമ്മുടെ വൈകുണ്ഠയാത്രയെക്കുറിച്ചാണ് അവര്‍ അഭ്യര്‍ത്ഥിച്ചത്.’അവര്‍ പറഞ്ഞു:ഹേ ദേവീ ഞങ്ങളുടെ നാഥനായ ഭഗവാന്‍ ഇപ്പോള്‍ ഞങ്ങളെയും വൈകുണ്ഠത്തെയും ഉപേക്ഷിച്ചിട്ട് ദേവിയുമൊത്ത് ഇവിടെ സുഖമായി വസിക്കുന്നു. ദേവി ആദ്യം വൈകുണ്ഠത്തിലേക്കുപോകുകയാണെങ്കില്‍ രഘുനാഥന്‍ പിന്നാലെ വന്ന് ഞങ്ങളെ സനാഥരാക്കും.” അവര്‍ പറഞ്ഞകാര്യം അങ്ങയോടിപ്പോള്‍ ഞാന്‍ പറയുന്നു. ഹേ പ്രഭോ! എന്താണു വേണ്ടതെന്ന് അങ്ങുതന്നെ നിശ്ചയിക്കണം. ഇതുകേട്ട് ശ്രീരാമന്‍ അല്പനേരം ചിന്താകുലനായിരുന്നു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. ഹേ ദേവി, ദേവി പറഞ്ഞതൊക്കെ സത്യംതന്നെ. ഞാനും ഇക്കാര്യം ചിന്തിച്ചു. അതിനൊരുപായം ഞാന്‍ കണ്ടിട്ടുണ്ട്. ദേവി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ലോകാപവാദം എന്ന വ്യാജേന ഞാന്‍ ദേവിയെ വാല്‍മീകിയുടെ ആശ്രമത്തിനടുത്ത് കാട്ടില്‍ ഉപേക്ഷിക്കും. അവിടെവച്ച് ദേവി രണ്ടു പുത്രന്മാരെ പ്രസവിക്കും. അതിനുശേഷം എന്റെ സമീപം വരും. ലോകര്‍ക്കുബോധ്യം വരാന്‍ വീണ്ടും അഗ്നിപ്രവേശം ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെടുമ്പോള്‍ ദേവി ഭൂമി പിളര്‍ന്ന് മടങ്ങിപ്പോകണം. പിന്നാലെ ഞാനും വൈകുണ്ഠത്തില്‍ എത്തിച്ചേരും.’രണ്ടുപേരും ചേര്‍ന്ന് ഇപ്രകാരം തീരുമാനിച്ചശേഷം ശ്രീരാമന്‍ പതിവുപോലെ മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങളില്‍ മുഴുകി. ഏതാനുംനാള്‍ കഴിഞ്ഞ് ഒരുദിവസം രാജാവ് തന്റെ ചാരന്മാരെ വിളിച്ചുവരുത്തി. അതില്‍ മുഖ്യനായ വിജയനോടു ചോദിച്ചു. വിജയാ, എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മയെ സംബന്ധിച്ചും സഹോദരന്മാരെപ്പറ്റിയും നഗരവാസികളുടെ അഭിപ്രായം എന്താണ്? നീ ഭയപ്പെടാതെ സത്യം എന്നോടു പറയുക.’അതുകേട്ട് വിജയന്‍ പറഞ്ഞു. ആത്മജ്ഞാനിയായ രാജാവ് വളരെ ദുഷ്‌കരമായ കാര്യം ചെയ്തിരിക്കുന്നു. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്തു. എന്നാല്‍ തന്റെ കൂടെ താമസിപ്പിക്കുന്നത് ശരിയല്ലയെന്നാണ് ബഹുജനാഭിപ്രായം. സീതക്ക് ചാരിത്രഭംഗം ഉണ്ടായിട്ടെന്ന് എങ്ങനെ ഉറപ്പായി വിശ്വസിക്കും? ഇനി ഞങ്ങളുടെ പത്‌നിമാര്‍ ദുഷ്‌ചെയ്തികള്‍ നടത്തിയാലും രാജാവിനെ അനുകരിക്കണോ? എന്നവര്‍ ചോദിക്കുന്നു. ഇതുകേട്ട് രാജാവ് വിശ്വസ്തരായ ചിലരോട് അഭിപ്രായം ചോദിച്ചു. അവരും വിജയന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു. അപ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ചുവരുത്തി. ഇങ്ങനെ പറഞ്ഞു. ലക്ഷ്മണാ സീതകാരണം എനിക്കു വളരെയേറെ പഴികേള്‍ക്കേണ്ടി വരുന്നു. നീ നാളെ രാവിലെ സീതയെ രഥത്തിലേറ്റി വാല്മീകിമുനിയുടെ ആശ്രമത്തിനടുത്തു കൊണ്ടു വിട്ടിട്ടുപോരണം. നീ ഇതിന് എതിരു പറയുകയാണെങ്കില്‍ ഞാന്‍ മരിച്ചതായി കരുതുക. ഭയന്നുപോയ ലക്ഷ്മണന്‍ രാമാജ്ഞപ്രകാരം അടുത്തദിവസം രാവിലെ സീതയെ രഥത്തില്‍ കയറ്റി വാല്മീകിയുടെ ആശ്രമത്തിനടുത്ത് വനത്തില്‍ കൊണ്ടുവിട്ടു. ‘
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: