ഉത്ക്രാന്തിഗത്യധികരണം തുടരുന്നു
സൂത്രം അവസ്ഥിതി വൈശേഷ്യാദിതി ചേന്ന അഭ്യുപഗമാദ് ഹൃദി ഹി
(അവസ്ഥിതി വൈശേഷ്യാത് ഇതി ചേത് ന അഭ്യുപഗമാദ്ഹൃദി ഹി)
സ്ഥിതിയ്ക്ക് വിശേഷമുള്ളതിനാല്‍ ചന്ദനത്തിനോട് സാദൃശ്യപ്പെടുത്തന്നതിനെ തെറ്റാണെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ശ്രുതി സമ്മതിച്ചതിനാലും ഹൃദയത്തിലിരിക്കുന്നതിനാലുമാണിത്.
ചന്ദനം പോലെയാണ് എന്ന ഉദാഹരണം ശരിയല്ല എന്ന പൂര്‍വപക്ഷ വാദഞ്ഞെയാണ് സൂത്രത്തില്‍ ഖണ്ഡിക്കുന്നത്. ചന്ദനം ഒരു ദിക്കിലിരുന്ന് ചുറ്റും സുഗന്ധം പരത്തുന്നതു പോലെ ആത്മാവ് ദേഹത്തില്‍ ഒരിടത്തിരുന്ന് ശരീരത്തെ മുഴുവന്‍ സ്വാധീനിക്കുന്നു എന്നത് പൂര്‍വപക്ഷം അംഗീകരിക്കുന്നില്ല. ആത്മാവ് ദേഹം മുഴുവന്‍ വ്യാപിച്ചതല്ലേ, ഒരിടത്ത് മാത്രം ഇരിക്കുന്നതല്ലല്ലോ എന്നാണ് അവരുടെ ചോദ്യം.
ആത്മാവിന് ശരീരത്തില്‍ ഏകദേശസ്ഥിതി വേണ്ടേ എന്ന് അവര്‍ വാദിക്കുന്നു.
ആത്മാവ് ഏകദേശത്തിലിരിക്കുന്നു എന്നത് പ്രത്യക്ഷവുമല്ല. അനുമാനം കൊണ്ട് പോലും അറിയാന്‍ കഴിയുന്നില്ലെന്നും വാദിക്കുന്നു.
എന്നാല്‍ ഈ വാദങ്ങള്‍ ഒട്ടും ശരിയല്ല. ആത്മാവ് ദേഹത്തിന്റെ ഏകദേശത്തിലിരിക്കുന്നുവെന്ന് ശ്രുതി വാക്യങ്ങള്‍ പറയുന്നുണ്ട്.
പ്രശ്നോപനിഷത്തില്‍ ‘ഹൃദിഹ്യേഷ ആത്മാ’ ഛാന്ദോഗ്യത്തില്‍ ‘സ വാ ഏഷആത്മാ ഹൃദി’ബൃഹദാരണ്യ കത്തില്‍ ‘കതമ ആത്മേതി യോ/യം വിജ്ഞാനമയ: പ്രാണേഷുഹൃദ്യന്തര് ജ്യോതി: പുരുഷ :’എന്നീ ശ്രുതി വാക്യങ്ങളിലെല്ലാം ആത്മാവ് ഹൃദയത്തിലിരിക്കുന്നു എന്ന പ്രഖ്യാപനമാണുള്ളത്. അതിനാല്‍ ചന്ദനം പോലെ എന്ന് പറഞ്ഞിരിക്കുന്നത് വളരെ യുക്തമായതു തന്നെയാണ്.
സൂത്രം ഗുണാദ് വാ ലോകവത്
അല്ലെങ്കില്‍ ചൈതന്യാദി ഗുണങ്ങളാല്‍ ലോകത്തിലെപ്പോലെ ഏങ്ങും വ്യാപിച്ച് നിറഞ്ഞിരിക്കുന്നു എന്ന് കരുതണം.
ഒരു മുറിയില്‍ വിളക്ക് കൊളുത്തി വച്ചാല്‍ അതിന്റെ പ്രകാശം മുറി മുഴുവന്‍ വ്യാപിച്ച് നിറഞ്ഞിരിക്കും പോലെയാണ് ഹൃദയത്തിലിരിക്കുന്ന ആത്മചൈതന്യം ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നത്. ഹൃദയത്തിലിരിക്കുന്ന ആത്മാവ് തന്റെ ചൈതന്യവ്യാപ്തി കൊണ്ട് ദേഹ കാര്യങ്ങളെയെല്ലാം അറിയുന്നു.
സൂത്രം വ്യതിരേകോ ഗന്ധവത്
വാസനയെന്ന പോലെ വേറിട്ടിരിക്കുകയുമാകാം. ചന്ദനവും ചന്ദനത്തിന്റെ വാസനയും വേറിട്ടിരിക്കുകയുമാകാം. ചന്ദനം ഒരു സ്ഥലത്ത് വച്ചാല്‍ മറ്റു സ്ഥലത്തും വാസനയ്ക്ക് എത്താനാകും.
ഗുണം ഗുണിയെ വിട്ടു നില്‍ക്കുമോ എന്ന സംശയം ഉണ്ടായേക്കാം. എന്നാല്‍ അതിന് വിരോധമില്ല എന്നാണ് സൂത്രം വ്യക്തമാക്കുന്നത്. പൂവിന്റെ സുഗന്ധം പൂവിനെ വിട്ട് പരിസരം മുഴുവന്‍ വ്യാപിക്കാറുണ്ട്. സുഗന്ധത്തിന്റെ അണുക്കള്‍ പൂവിനെ വിട്ട് ചുറ്റും വ്യാപിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ജീവന്റെ ചൈതന്യം അണുരൂപത്തിലുള്ള ജീവനെ വിട്ട് ശരീരം മുഴുവന്‍ വ്യാപിക്കുന്നു. ഗുണങ്ങള്‍ ഗുണിയെ വിട്ട് ചുറ്റും പരക്കുമ്പോഴും ഗുണിയ്ക്ക് ഒരു തരത്തിലുള്ള കുറവും ഉണ്ടാകുന്നില്ല. ഹൃദയത്തിലിരിക്കുന്ന ജീവന്റെ ചൈതന്യം മുതലായ ഗുണങ്ങള്‍ ശരീരം മുഴുവന്‍ വ്യാപിക്കുമ്പോഴും ജീവന് തന്റെ സ്ഥാനത്ത് തന്നെയിരിക്കുന്നു. ഗന്ധം ചുറ്റും പരന്നാലും പൂക്കള്‍ക്ക് കുറവൊന്നും വരുന്നില്ല എന്നതു പോലെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: