തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ മരണപ്പെടാനിടയായ അപകടത്തില്‍ കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സമ്മതിച്ചു. കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ വഫ ഫിറോസ് എന്ന യുവതിയാണെന്നുമാണ് ശ്രീറാം ആദ്യം പോലീസില്‍ മൊഴി നല്‍കിയത്. ഇതാണ് ഇപ്പോള്‍ തിരുത്തിയത്.
അപകടം കണ്ട ദൃക്‌സാക്ഷികളും, പോലീസും ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ വഫയുടെ മൊഴിയും ശ്രീറാമിന് എതിരെയായിരുന്നു. ഇതോടെ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
നിലവില്‍ മ്യൂസിയം പോലീസ് ഇന്ന് രാവിലെ എടുത്ത മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കുള്ള വകുപ്പ് മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. വാഹനം ഓടിച്ചയാളുടെ അശ്രദ്ധ മൂലമുണ്ടായ അപകടം എന്നല്ലാതെ ശ്രീറാമിന്റേയോ സുഹൃത്ത് വഫയുടേയോ പേര് എഫ്‌ഐആറില്‍ പറയുന്നില്ല. എന്നാല്‍ കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പോലീസ് ശ്രീറാമിനേയും പ്രതി ചേര്‍ക്കും എന്നാണ് സൂചന.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടനെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ കൂടി തെളിഞ്ഞാല്‍ ഐപിസി 185 വകുപ്പ് ചുമത്തി പോലീസ് ശ്രീറാമിനെതിരെ കേസെടുക്കും.
മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണിത്. എഫ്‌ഐആറില്‍ പ്രതിയാവുന്ന പക്ഷം സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് ഐഎഎസുകാരനും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാമിന് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കാം.
















