തിരുവനന്തപുരം: മുന്‍ ദേവികുളം സബ്കളക്ടറും സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ.എം. ബഷീറാണ് മരിച്ചത്. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജങ്ഷനില്‍ വെച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പോലീസിനോട് പറഞ്ഞു. എന്നാല്‍ അപകടം നടന്നപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാന്‍ ആരും തയ്യാറായില്ല. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മ്യൂസിയം എസ്‌ഐ വ്യക്തമാക്കി.
സംഭവത്തില്‍ അപകടത്തിന് ശേഷം പോലീസ് എടുക്കേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് ഇവരെ പോലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. ഇവരുടെ പേരിലാണ് വാഹനം.
പഠനാവധിക്ക് ശേഷം ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.
സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടേയും മകനാണ് ബഷീര്‍. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്.
















