തിരുവനന്തപുരം: സാധാരണക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ആശ്വാസമായിരുന്ന കാര്‍ഷിക സ്വര്‍ണവായ്‌പ പദ്ധതി അവസാനിച്ചു. പിണറായി സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദം മൂലം കേന്ദ്രസര്‍ക്കാരാണ് സ്വര്‍ണപ്പണയത്തിന്‍ മേല്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കിരുന്ന കാര്‍ഷിക വായ്‌പ പദ്ധതി അവസാനിപ്പിച്ചത്. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു നല്‍കി. സ്വര്‍ണപ്പണയത്തിനു അനര്‍ഹര്‍ മേല്‍ കാര്‍ഷിക വായ്‌പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. സ്വര്‍ണപ്പണയത്തിന്മേല്‍ 4% വാര്‍ഷിക പലിശയ്‌ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാര്‍ഷിക വായ്‌പയ്‌ക്കാണു ഇതോടെ അന്ത്യമായത്. ജൂലൈ 31 വരെ കാര്‍ഷിക സ്വര്‍ണ വായ്‌പ എടുത്തവരെ എന്തു ചെയ്യണം, വായ്‌പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകള്‍ക്കു കിട്ടിയ നിര്‍ദേശം.
ബാങ്കുകള്‍ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി. ഇനി സ്വര്‍ണപ്പണയ കൃഷിവായ്‌പ നല്‍കരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകള്‍ക്കുള്ള നിര്‍ദേശത്തില്‍ ബാങ്ക് മേധാവികള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 80,803 കോടി രൂപ കാര്‍ഷിക വായ്‌പയായി നല്‍കിയതില്‍ 62 ശതമാനവും സ്വര്‍ണം പണയം വച്ചുള്ള കൃഷി വായ്‌പയാണ്. 50,169 കോടിയാണ് ബാങ്കുകള്‍ നല്‍കിയത്. ഇതില്‍ മുക്കാല്‍ പങ്കും കിട്ടിയത് കൃഷിക്കാര്‍ക്കല്ലെന്നാണു സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തല്‍. കൃഷിക്കാരാണെന്ന് ഉറപ്പാക്കാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രം വായ്‌പ നല്‍കണമെന്നതു സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ആവശ്യമാണ്. കൃഷി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്‌പ നല്‍കാവൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. കൃഷി വായ്‌പ അനര്‍ഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താന്‍ കേരള സര്‍ക്കാരിന്റെ കത്തിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആര്‍ബിഐ, നബാര്‍ഡ്, എസ്എല്‍ബിസി എന്നിവയുടെ പ്രതിനിധികളാണു സംഘത്തിലുണ്ടായിരുന്നത്. ബുദ്ധിമുട്ടില്ലാതെ കുറഞ്ഞ പലിശയില്‍ കിട്ടുമെന്നതു കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമായിരുന്ന വായ്‌പ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോടെ വിരാമം ആയിരിക്കുന്നത്.
















