പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് പ്രവാസി മലയാളിയുടെ സംരംഭം അടച്ചുപൂട്ടിക്കാന്‍ സിപിഎം. പ്രതികാരമായി പശുഫാമിന്റെ മേല്‍നോട്ടക്കാരനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് തറയില്‍ പുത്തന്‍വീട്ടില്‍ ജോയി പി. സാമുവലിനെയാണ് സിപിഎം വേട്ടയാടുന്നത്.
ഇയാളുടെ ഫാമിന്റെ മേല്‍നോട്ടക്കാരനായ യുവാവിനെ കഴിഞ്ഞദിവസം സ്പിരിറ്റ് കേസില്‍പ്പെടുത്തി ജയിലില്‍ അടച്ചതായാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ജോയി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അബുദാബിയില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് ഡയറക്ടറായ ജോയി വീടിന് സമീപം കോഴിഫാം തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, പരിസര മലിനീകരണത്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ എതിര്‍പ്പുമായി എത്തിയതോടെ ശ്രമം ഉപേക്ഷിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ വീടിന് സമീപത്താണ് ഫാം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന സ്ഥലം. ഇതും എതിര്‍പ്പിന് കാരണമായി.
പിന്നീട് പശുഫാം ആരംഭിച്ചു. നാട്ടില്‍ എത്തുമ്പോഴെല്ലാം സിപിഎം പ്രവര്‍ത്തകര്‍ വന്ന് സംഭാവന വാങ്ങാറുണ്ടെന്നും ഫാം പ്രശ്‌നത്തിന് ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് ഫണ്ട് നല്‍കാതിരുന്നതോടെ പാര്‍ട്ടി ശത്രുതയിലായെന്നും ജോയി പറയുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് പശുഫാമിന്റെ ചുമതലക്കാരനും പങ്കാളിയുമായ പി.സി. ബിജു എന്നയാളെ ഒരാഴ്ച മുമ്പ് പത്തനംതിട്ടയില്‍ നിന്നുള്ള എക്‌സൈസ് സംഘം പിടികൂടിയത്. ഉന്നത സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ജോയി പറയുന്നത്. ഫാമിനോട് ചേര്‍ന്ന സ്ഥലത്ത് ബിജുവിന് താമസിക്കാന്‍ വീടും നല്‍കിയിരുന്നു. ട്രോപ്പിക്കല്‍ ഫാമിങ്ങില്‍ ബിരുദമുള്ള, മുന്‍ അധ്യാപകനാണ് ബിജു.
ഫാമിനോട് ചേര്‍ന്ന പുരയിടത്തില്‍ നിന്ന് മൂന്ന് ചെറിയ കന്നാസുകളിലായി സ്പിരിറ്റും വദേശമദ്യവും കണ്ടെത്തിയ സംഭവത്തിലാണ് ബിജു പ്രതിയായി റിമാന്‍ഡ് ചെയ്യപ്പെട്ടത്. പുരയിടത്തിന് ചുറ്റുമുള്ള കമ്പിവേലി അറുത്ത് മാറ്റിയശേഷമാണ് കന്നാസ് അവിടെ വെച്ചതെന്ന് കരുതുന്നതായി നാട്ടുകാരും പറയുന്നു. ഉന്നതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തങ്ങള്‍ക്ക് പരിശോധനക്ക് വരേണ്ടി വന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജോയി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
















