തിരുവനന്തപുരം : ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എ. സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ദല്‍ഹിയിലുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് സമ്പത്തിനെ നിമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്‌സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും പ്രളയ സെസ്സിന് തുടക്കം കുറിക്കുകയും ചെയ്യുന്ന ദിവസം തന്നെ സര്‍ക്കാരിന് ലക്ഷങ്ങള്‍ ബാധ്യത വരുന്ന ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
സമ്പത്തിന് അലവന്‍സ് ഉള്‍പ്പെടെ ഒരുലക്ഷം രൂപയ്‌ക്കടുത്ത് ശമ്പളം ലഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കേരള ഹൗസില്‍ പ്രത്യേക ഓഫീസും വാഹനം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലഭിക്കും. ഇതോടൊപ്പം സമ്പത്തിന്റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരും ഒരു ഡ്രൈവറും പ്യൂണും ഓഫീസില്‍ ഉണ്ടാവും.
2009 മുതല്‍ 2019 വരെ നീണ്ട പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുമ്പാണ് സമ്പത്തിന് പുതിയ പദവി നല്‍കി കേരള സര്‍ക്കാര്‍ ദല്‍ഹിയിലേക്ക് അയക്കുന്നത്.
















