കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി സംവിധാനങ്ങളോട് കൂറില്ലാത്ത സ്ഥാപിതതാല്‍പ്പര്യക്കാര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിച്ചതായി സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തെ കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് പ്രധാന സ്ഥാനങ്ങളിലെത്തിയിരുന്നതെങ്കില് ഇപ്പോല്‍ ചില നേതാക്കളുടെ വ്യക്തിതാല്‍പ്പര്യത്തില്‍ ഒരു വിഭാഗം സംഘടനാ സംവിധാനത്തില്‍ താവളമുറപ്പിച്ചിരിക്കുകയാണെന്ന് നേതൃത്വം കണ്ടെത്തി.
ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം തന്നെ ജില്ലാ ഘടകത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സര്‍വീസ് സംഘടനകളുടെയും സിപിഎം കണ്ണൂര്‍ ജില്ലാ ഘടകം ആവിഷ്കരിച്ച് നടപ്പാക്കുന്ന ചില സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളുടെയും മറവിലാണ് ഇത്തരത്തിലുള്ള കടന്ന് കയറ്റമെന്നാണ് വിലയിരുത്തല്‍. ഇവരുടെ വോട്ട് പോലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലെങ്കിലും നേതൃത്വത്തിലെ ചില സ്ഥാപിതതാല്‍പ്പര്യക്കാരുടെ സംരക്ഷണം കാരണം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
പി. ജയരാജന് ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കണ്ണൂര്‍ ജില്ലയില്‍ സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഐആര്‍പിസി എന്ന സന്നദ്ധ സംഘടനയുണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പാര്‍ട്ടി നേതാക്കളില്‍ പി. ജയരാജന് മാത്രമാണ് ഐആര്‍പിസിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നത്. മറ്റ് നേതാക്കളെയൊന്നും ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുത്തിയിരുന്നില്ല.
ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നതിനാല്‍ സംഘടനയില്‍ ആരൊക്കെയുണ്ടെന്നും ഇവരുടെ പശ്ചാത്തലമെന്തെന്നും പാര്‍ട്ടി ഘടകം പരിശോധിച്ചിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ജയരാജന്റെ ആശ്രിതരായി പലരും കടന്നുകൂടിയെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അസ്വാരസ്യമുണ്ടായിരുന്നെങ്കിലും പരസ്യ നിലപാടിലെത്തിയിരുന്നില്ല. ഇത്തരം സ്വാധീനകേന്ദ്രങ്ങളെ ഇല്ലാതാക്കണമെന്നാണ് ഒരു വിഭാഗം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷമാണ് ഇത്തരം നീക്കമെന്നതും ശ്രദ്ധേയമാണ്.
സിപിഎം കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ ക്രിമിനലിസം അതിരുവിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തന്നെ സംസ്ഥാന ഘടകത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങളിലും റിപ്പോര്‍ട്ടിങ് നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ പേരില്‍ പലരും ക്വട്ടേഷന്‍ ഗ്രൂപ്പുകളായി മാറിയെന്നാണ് കത്തില്‍ പറയുന്നത്. പി. ജയരാജനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: