ന്യൂദല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനുമായ കുല്‍ദീപ് ബിഷ്‌ണോയിയുടെ വിദേശത്തുള്ള 200 കോടി രൂപയുടെ അനധികൃത സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഹരിയാന, ദല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് അവിഹിത സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്. ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളതാണ് സ്വത്ത്.
കെട്ടിട നിര്‍മാണങ്ങള്‍ക്കും വന്‍തോതില്‍ വസ്തു വാങ്ങിക്കൂട്ടാനും വലിയ തുകകള്‍ ചെലവിട്ടതിന്റെ രേഖകളാണ് പിടിച്ചെടുത്തതെന്ന് ആദായ നികുതി വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഏറെക്കാലം ഹരിയാനയില്‍ മുഖ്യമന്ത്രിയായിരുന്ന ഭജന്‍ലാലിന്റെ മകനാണ് ആദംപൂര്‍ എംഎല്‍എയായ കുല്‍ദീപ് ബിഷ്‌ണോയി. വിദേശത്തുള്ള 200 കോടിയുടെ സ്വത്തും നാട്ടില്‍ 30 കോടിയുെട നികുതി വെട്ടിപ്പുമാണ് കണ്ടെത്തിയത്.
ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ്, പനാമ, ബ്രിട്ടന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ പതിറ്റാണ്ടുകളായുള്ള സ്വത്ത് ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നു, പത്രക്കുറിപ്പില്‍ തുടരുന്നു. 1979ലും 82ലും 91ലുമായി മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നു ഭജന്‍ലാല്‍. കേന്ദ്ര കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മകന്‍ അപന്‍തു വയസുകാരന്‍ കുല്‍ദീപ് മൂന്നു തവണയായി ആദംപൂരില്‍ നിന്നുള്ള എംഎല്‍എയാണ്.
















