ചേര്‍ത്തല: അനശ്വര നടന് രാജന് പി. ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പത്താണ്ട് തികയുമ്പോഴും അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥ.
2009 ജൂലൈ 29നാണ് ആ അഭിനയ പ്രതിഭയെ അമ്പത്തെട്ടാം വയസില്‍ മരണം തട്ടിയെടുത്തത്. രാജന് പി. ദേവ് കള്‍ച്ചറല്‍ ഫോറത്തിന്റെ അനുസ്മരണ ചടങ്ങുകള്‍ മാത്രമാണ് അനശ്വര നടന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നത്. സ്മാരകത്തിനായി മുന്‍കൈയെടുക്കേണ്ട നഗരസഭയും സര്‍ക്കാരും ആരാധകരുടെ ചിരകാല അഭിലാഷത്തിന് നേരെ മുഖംതിരിക്കുന്നു. ജന്മനാട്ടില് അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ നഗരസഭ അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
നാടകത്തില്‍ തുടങ്ങി സിനിമയില്‍ തിളങ്ങി ജനഹൃദയങ്ങളില്‍ ഭാവവിസ്മയം കൊണ്ട് ഇന്ദ്രജാലം കാട്ടി ഓര്‍മകളുടെ ഫ്രെയിമിലേക്ക് കാലം കൂട്ടിക്കൊണ്ടുപോയ രാജന് പി. ദേവ് കലാസ്നേഹികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് ഒരു സ്മാരകം ഉയരാത്തതിലുള്ള വേദനയുമായാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ഇത്തവണയും ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കാനെത്തുന്നത്.
അമച്വര്‍ നാടകത്തില്‍ തുടങ്ങി പ്രൊഫഷണല്‍ നാടകത്തിലൂടെയുള്ള വളര്‍ച്ച രാജിനെ അഭിനയലോകത്തിന്റെ കൊടുമുടിയിലെത്തിച്ചു. എസ്എല്‍പുരം സദാനന്ദന്റെ കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രം രാജന് പി. ദേവിന്റെ തലവര മാറ്റിയെഴുതി. മലയാളക്കര കീഴടക്കിയ കൊച്ചുവാവ പതിനായിരത്തില്പരം വേദികള്‍ നിറഞ്ഞ് കവിഞ്ഞു.
പിന്നീട് സ്വന്തം ട്രൂപ്പായ ജൂബിലി തിയെറ്റേഴ്സിലൂടെ നാടക സംവിധാനത്തിലും മികവ് തെളിയിച്ചു. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: