തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ഷൈലമോളെയാണു സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണു നടപടി ഉണ്ടായിരിക്കുന്നത്. വൈറ്റിലയിലെ പാലം നിര്‍മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനയില്‍ പണിയില്‍ വ്യാപകമായ ക്രമക്കേടു നടന്നതായി ഷൈലമോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഇന്നു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ മന്ത്രി നേരിട്ട് ഇടപെട്ട് സസ്‌പെന്‍ഷന്‍ഡ് ചെയ്തത്.
വൈറ്റില മേല്‍പ്പാലത്തില്‍ അടുത്തിടെ നടത്തിയ മൂന്ന് കോണ്‍ക്രീറ്റിനും മതിയായ ഗുണനിലവാരമില്ലെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മേല്‍പ്പാലത്തില്‍ നടത്തിയ കോണ്‍ക്രീറ്റിങ്ങ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്ന ഐ.എസ്. കോഡ് പ്രകാരമുള്ള ഗുണനിലവാരം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പിന്നിട്ട സാഹചര്യത്തിലാണ് പുതിയ വിവാദം. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നല്‍ക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, നിലവില്‍ മേല്‍പ്പാലം നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.
വൈറ്റില മേല്‍പ്പാലം നിര്‍മിക്കുന്നത് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അന്‍ഡ് ഹൗസിങ് നിശ്ചയിച്ചിരിക്കുന്ന സ്‌പെസിഫിക്കേഷന്‍ അനുസരിച്ചാണെന്നാണ് പി.ഡബ്ല്യൂ.ഡി. (എന്‍.എച്ച്.) അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ നടത്തിയ കോണ്‍ക്രീറ്റിങ്ങിനും ഇതേ ഗുണനിലവാരം ഉണ്ടെന്നാണ് അവരുടെ വിശദീകരണം. ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത്, ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി പുറത്തുള്ള ഒരു ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്താണ് പാലം പണി ആരംഭിച്ചത്. 2017 ഡിസംബര്‍ 11നാണ് പാലം പണി തുടങ്ങിയത്. 80 ശതമാനം പണിപൂര്‍ത്തികരിച്ചപ്പോഴാണ് ഗുരുതരമായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
















