തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ കത്തികുത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അക്രമങ്ങളെ പ്രോത്സാഹിപ്പിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍. കോളേജില്‍ എത്തുന്നുവരുടെ കൈവെട്ടുമെന്ന് ശ്രീകുമാര്‍ ഭീഷണിപ്പെടുത്തി. കോളേജ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കവേയാണ് പി. ശ്രീകുമാറിന്റെ ഈ ഭീഷണി.
യൂണിവേഴ്സിറ്റി കോളേജിന്റെ മണല്‍ത്തരി പോലും അന്യര്‍ സ്പര്‍ശിക്കാത്ത വിധം കാവല്‍ക്കാരായി നില്‍ക്കും. അത് ഭേദിച്ച് മുന്നോട്ടു വരാന്‍ നില്‍ക്കുന്നവരുടെ കൈവെട്ടുമെന്നും പി. ശ്രീകുമാര്‍ അറിയിച്ചു. അക്ഷരത്തെറ്റിന് എസ്എഫ്ഐയെ കൂട്ടത്തോടെ ഒതുക്കി കളയാമെന്നാണ് ചിലര്‍ കരുതുന്നത്. സംഘടനയില്‍ ദുഷ്ചിന്തകള്‍ ഉള്ള ചിലര്‍ കടന്നു കൂടിയിരിക്കാം. അവര്‍ ചില കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ എസ്എഫ്‌ഐയെ തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്നും പി. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്ഐക്കാര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടും അവരെ വെള്ളപൂശാനുള്ള ശ്രമമാണ് എകെജിസിടിഎ യോഗത്തിലും നടന്നത്. അതിനിടെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഉത്തരക്കടലാസ് മോഷ്ടിച്ച സംഭവത്തില്‍ ശിവരഞ്ജിത്തിനെ ശനിയാഴ്ച കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
















