ആലപ്പുഴ: ചേർത്തലയിൽ പൂട്ടി കിടക്കുന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വവ്വാലുകള്‍ ചത്തത് നിപ രോഗത്തെ തുടര്‍ന്നായിരിക്കാമെന്ന് സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ പാലോട്, തിരുവല്ല എന്നിവിടങ്ങളിലെ ലാബുകളിലേക്കാണ് സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചത്. ഫലം ഉടന്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുപ്പംകുളങ്ങര ചിന്നന്‍ കവലക്ക് സമീപമുള്ള ഗോഡൗണിലാണ് 150 ലധികം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതോടെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വവ്വാലുകളെ കണ്ടതോടെ മൃഗ സംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
നിപ പ്രതിരോധത്തിന് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് മൃഗ സംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെത്തി കൂടുതല്‍ പരിശോധന നടത്തിയത്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗോഡൗണ്‍ ശുചീകരിച്ച് ചത്ത വവ്വാലുകളെ സമീപത്തായി കുഴിച്ചിട്ടു. പരിശോധന ഫലം വന്നശേഷം സംസ്‌കരിക്കും. വവ്വാലുകള്‍ ചത്തത് നിപ വൈറസ് മൂലമല്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
പൂട്ടി കിടക്കുന്ന ഗോഡൗണുള്ളില്‍ വവ്വാലുകള്‍ കാലങ്ങളായുള്ളതാണ്. കെട്ടിടത്തിന്റെ ഒരു വാതില്‍ പതിവായി തുറന്നാണ് കിടക്കുന്നത്. മഴയിലും കാറ്റിലും വാതില്‍ അടഞ്ഞ് പോയത് മൂലം വവ്വാലുകള്‍ ശ്വാസം മുട്ടി ചത്തതാകാമെന്നും മഴയില്‍ ചീഞ്ഞതാകാം ദുര്‍ഗന്ധത്തിന് കാരണമായതെന്നും അധികൃതര്‍ പറഞ്ഞു.
വവ്വാലുകളെ കുഴിച്ച് മൂടിയിട്ടും ദുര്‍ഗന്ധം മാറുന്നില്ലെന്ന് പരാതിയെ തുടര്‍ന്ന് കുഴിച്ച് മൂടിയ പ്രദേശത്തും സമീപത്തെ വീടുകളിലും അണുനാശിനിയും പുകയ്‌ക്കാനുള്ള പൊടികളും ആരോഗ്യ വകുപ്പ് അധികൃതര്‍ വിതരണം ചെയ്തിട്ടുണ്ട്. നിപ മൂലമാണ് വവ്വാലുകള്‍ ചത്തതെന്ന സംശയം ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
















