ഉപനിഷത്തുക്കളിലെ പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങളെ വിശകലനം ചെയ്ത് അവയ്ക്ക് മറുപടി നല്‍കുയാണ് അടുത്ത രണ്ട് സൂത്രങ്ങളില്‍.
സൂത്രം പ്രതിജ്ഞാ/ഹാനിരവ്യതിരേകാത് ശബ്ദേഭ്യ:
(പ്രതിജ്ഞാ അഹാനി: അവ്യതിരേകാത് ശബ്ദേഭ്യ:)
വേറിട്ടിരിക്കാത്തതിനാല് പ്രതിജ്ഞയ്ക്ക് ഹാനിയില്ലായ്മ സംഭവിക്കും. ശ്രുതി ശബ്ദങ്ങളില്‍ നിന്ന് അത് മനസ്സിലാകും. ആകാശം ബ്രഹ്മം പോലെ നിത്യവും എന്നാല്‍ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട തുമാണ് എന്ന വാദത്തിനുള്ള മറുപടിയാണ് ഈ സൂത്രം. കാര്യകാരണരൂപേണ നോക്കിയാല്‍ ബ്രഹ്മത്തിന്റെ തന്നെ കാര്യവും ബ്രഹ്മത്തില്‍ നിന്ന് അഭിന്നമാണ്. ശ്രുതിയുടെ ചില പ്രതിജ്ഞകളെ നോക്കി ഇതിനെ നിശ്ചയിക്കാം. ഛാന്ദോഗ്യ ഉപനിഷത്തില്‍ ‘യേനാശ്രുതം ശ്രുതം ഭവത്യമതം മതവിജ്ഞാതം വിജ്ഞാതം’ ഏതൊന്നിനെ അറിഞ്ഞാല്‍ കേള്‍ക്കാത്തതിനെ കേട്ടതായും മനനം ചെയ്യാത്തതിനെ ചെയ്തതായും അറിയാത്തതിനെ അറിഞ്ഞതായും തീരും എന്ന് പറയുന്നു.
ബൃഹദാരണ്യകത്തില്‍ ‘ആമ്മനി ഖല്വരേ ദൃഷ്ടേമതേ ശ്രുതേ വിജ്ഞാത ഇദം സര്‍വം വിദിതം’ ആത്മാവിനെ കാണുകയോ മനനം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്താല്‍ ഇതെല്ലാം അറിഞ്ഞതായിത്തീരുന്നുവെന്ന് പറയുന്നു. മുണ്ഡകത്തില്‍ ‘കസ്മിന്നു ഭഗവോ വിജ്ഞാതേ സര്‍വമിദം വിജ്ഞാതം ഭവതി’ ഏതൊന്നിനെ അറിഞ്ഞാലാണോ ഇതെല്ലാം അറിഞ്ഞതായിരിക്കുന്നത് എന്ന് പറയുന്നു. ഇതെല്ലാം ഓരോ ഉപനിഷത്തുക്കളിലേയും പ്രതിജ്ഞകളാണ്.
ആകാശം ബ്രഹ്മത്തില്‍നിന്ന് വേറിട്ടതാണെന്ന് പറഞ്ഞാല്‍ ഈ പ്രതിജ്ഞകള്‍ക്ക് പിന്നെ പ്രസക്തിയില്ല. ആത്മാവിന്റെ കാര്യമാണ് ആകാശമെന്ന് വന്നാല്‍ ആത്മാവിനെ അറിഞ്ഞാല്‍ ആകാശത്തേയും അറിയാം. കാരണത്തെ അറിഞ്ഞാല്‍ കാര്യത്തേയും അറിയാം. തൈത്തിരീയോപനിഷത്തില്‍ ആകാശം ആദ്യമുണ്ടായി എന്നപാഠം സ്വീകരിച്ചാലേ അതുശരിയാകൂ. എല്ലാവസ്തുക്കളും ബ്രഹ്മത്തില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് വന്നാല്‍ മാത്രമേ ആത്മാവിനെ അറിഞ്ഞാല്‍ എല്ലാം അറിഞ്ഞതായിത്തീരൂ എന്ന പ്രതിജ്ഞ ശരിയാവൂ. ആകാശം ബ്രഹ്മത്തില്‍ നിന്ന് വേറെയാണ് എന്ന് വന്നാല്‍ ആത്മാവിനെ അറിഞ്ഞാല്‍ ആകാശത്തെ അറിയാനാകില്ല. കാര്യകാരണജ്ഞാനത്തെ കുറിക്കുന്ന ചില ശ്രുതി വാക്യങ്ങള്‍ കാണാം.ഛാന്ദോഗ്യത്തില്‍ ‘സദേവ സൗമ്യ ഇദമഗ്ര ആസീത്’ അല്ലയോ സൗമ്യ ഇക്കാണുന്നതെല്ലാം സൃഷ്ടിക്ക് മുമ്പ് ഏകവും അദ്വിതീയവുമായ ബ്രഹ്മം മാത്രമാണ്. ചന്ദോഗ്യത്തില് തന്നെ ‘ഐതദാത്മ്യമിദം സര്‍പ്പം ‘ ഇതെല്ലാം ഈ ആത്മാവിന്റെ സ്വരൂപം തന്നെയാണ് എന്നിങ്ങനെ കാര്യ കാരണ ഐക്യജ്ഞാനത്തെ ഉപദേശിക്കുന്നുണ്ട്.
ആകാശം ബ്രഹ്മത്തിന്റെ കാര്യമല്ല എന്ന് വന്നാല്‍ ബ്രഹ്മജ്ഞാനം കൊണ്ട് ആകാശത്തിന്റെ ജ്ഞാനമുണ്ടാകില്ല. നേരത്തേ പറഞ്ഞ പ്രതിജ്ഞക്ക് വിരുദ്ധമാവുകയും ചെയ്യും. ആത്മാവില്‍ നിന്ന് ആകാശമുണ്ടായിക്കഴിഞ്ഞ് അതില്‍ നിന്ന് വായു തുടര്‍ന്ന് അഗ്നി പിന്നെ ജലം അവസാനം പൃഥ്വി എന്നിവ ഉണ്ടായി. ഈ ഉല്പത്തി ക്രമത്തില്‍ മൂന്നാമതായി പറഞ്ഞ അഗ്നിയെ ആദ്യം ഛാന്ദോഗ്യത്തില്‍ പറഞ്ഞുവെന്നേയുള്ളൂ. ആകാശവും വായുവും പറയാതെ അഗ്നിയെ ആദ്യം പറഞ്ഞതു കൊണ്ട് ദോഷമൊന്നുമില്ല. ശ്രുതിയുടെ ഏകവാക്യതയ്ക്ക് ഒരു തരത്തിലുള്ള ഭംഗവും ഇതുണ്ടാക്കുന്നില്ല. അതിനാല്‍ ആകാശം ബ്രഹ്മത്തില്‍ നിന്നും വേറിട്ടല്ല, ബ്രഹ്മത്തില്‍ നിന്നുണ്ടായതാണെന്ന് അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: