തിരുവനന്തപുരം: ‘മുന്തിരിപ്പിള്ള’യുടെ മട്ടുപ്പാവില്‍ നിറയെ പൂത്തുലഞ്ഞ് മുന്തിവള്ളികള്‍. തലസ്ഥാനനഗരിയില്‍ ശാസ്തമംഗലം ശ്രീരേശില്‍ കെ. ചന്ദ്രശേഖരപിള്ള (77) യെന്ന നാട്ടുകാരുടെ സ്വന്തം മുന്തിരിപ്പിള്ളയാണ് വര്‍ഷം മുഴുവന്‍ വിളവുനല്‍കുന്ന മുന്തിരിവള്ളിയുടെ പരിചാരകന്‍.
പത്തുവര്‍ഷം മുമ്പാണ് പിള്ള വീടിന്റെ മട്ടുപ്പാവില്‍ മുന്തിരി നട്ടുനനച്ചത്. പിള്ളയ്‌ക്ക് മുന്തിരിയോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളുമാണ് ‘മുന്തിരി പിള്ള’യെന്ന വിളിപ്പേര് സമ്മാനിച്ചത്. മുന്തിരി മാത്രമല്ല, മാതളനാരങ്ങയും വെള്ളരിയും വഴുതനയും പയറും കറ്റാര്‍വാഴയുമെല്ലാം ഇദ്ദേഹത്തിന്റെ പരിചരണത്തില്‍ മട്ടുപ്പാവില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന കെ.സി. പിള്ള 1993ല്‍ സ്വയം വിരമിച്ചു. വിരമിച്ചശേഷം സ്വന്തമായി കുറച്ചുനാള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തി. ആയിടയ്‌ക്ക് ഹൃദയസംബന്ധമായ അസുഖം പിടിപ്പെട്ടതോടെ അത് ഉപേക്ഷിച്ചു.
വിശ്രമജീവിതമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെങ്കിലും വെറുതേ ഇരുന്നപ്പോള്‍ വലിയൊരു ശൂന്യത. പിന്നെ പ്രകൃതിയോടിണങ്ങാനായി തീരുമാനം. 2009ല്‍ ഒരു മുന്തിരിവള്ളി മട്ടുപ്പാവില്‍ നട്ടായിരുന്നു തുടക്കം. അതിന്റെ വളര്‍ച്ച കണ്‍കുളിര്‍ക്കെ കണ്ടു. പതിയെ പതിയെ അദ്ദേഹം മുന്തിരിയുടെ പരിചാരകനും പ്രചാരകനുമായി. പഴുത്ത മുന്തിരി വീട്ടില്‍ വരുന്നവര്‍ക്കും അയല്‍ക്കാര്‍ക്കും സൗജന്യമായി നല്‍കി. മുന്തിരി തൈകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുക മാത്രമല്ല, വര്‍ഷം മുഴുവന്‍ വിളവു നല്‍കുന്ന രീതിയില്‍ എങ്ങനെ നട്ടുവളര്‍ത്താമെന്ന അറിവുകളും ഈ കര്‍ഷകന്‍ പകരുന്നു. എല്ലായിടത്തും മുന്തിരിവള്ളികള്‍ തളിര്‍ക്കട്ടെ എന്ന സദുദ്ദേശത്തില്‍.
ജൈവകൃഷിയിലൂടെ പച്ചക്കറികളും സമൃദ്ധമായി വളരുന്നു പിള്ളയുടെ മട്ടുപ്പാവില്‍. പച്ചക്കറികളുടെ വില്‍പ്പനയിലൂടെ ആഴ്ചയില്‍ 1500 രൂപയുടെ വരുമാനമുണ്ടെന്ന് പിള്ള. ഭാര്യ നിര്‍മലാശേഖറും മക്കളായ സി.എന്‍. രാജേഷും സി.എന്‍. രശ്മിയുമൊക്കെ മട്ടുപ്പാവ് കൃഷിയില്‍ പിള്ളയ്‌ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകശ്രീ അവാര്‍ഡു നല്‍കി മുന്തിരിപ്പിള്ളയെ ആദരിച്ചു. പക്ഷേ, തന്റെ കൃഷിയിടത്തിന് കൃഷിഭവന്റെ സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്ന പരിഭവമുണ്ട് പിള്ളയ്‌ക്ക്.
















