ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടി ഉണ്ടായേക്കും. പട്ടണക്കാട് എസ്‌സിയു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ അധ്യാപികയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് ചേര്‍ത്തല ഡിഇഒ ഉന്നത അധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം.
മൂന്നാഴ്ച മുന്‍പാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ കൃപാസനം പത്രം നല്‍കിയത്. പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
കുട്ടികള്‍ വീട്ടില്‍ പറഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി സ്‌കൂളിലെത്തി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് സ്‌കൂള്‍ അധികാരികള്‍ അധ്യാപികയ്‌ക്ക് മെമ്മോ നല്‍കിയത്. നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച അധ്യാപിക കഴിഞ്ഞ ദിവസമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
ചൊവ്വാഴ്ച ഡിഇഒ ഉള്‍പ്പെടുന്ന സംഘം സ്‌കൂളില്‍ അന്വേഷണം നടത്തുകയും കുട്ടികളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അധ്യാപികക്കെതിരെ കുട്ടികള്‍ മൊഴി നല്‍കിയതായാണ് വിവരം.
സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ അധ്യാപിക പത്രം വിതരണം ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡിഡിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും ഡിഇഒ സുജയ പറഞ്ഞു.
















