പറവൂര്‍: അംബേദ്ക്കര്‍ പാര്‍ക്കില്‍ അപൂര്‍വയിനം വിഷ ഉറുമ്പുകളുടെ സൈ്വരവിഹാരം. ഉറുമ്പിന്റെ കടിയേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ പ്രവര്‍ത്തകനും പ്രവാസി കോണ്‍ഗ്രസ് പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ ചിറ്റാറ്റുകര കുരന്‍ വീട്ടില്‍ ലിന്‍സ് ആന്റണിയാണ് (53) ഉറുമ്പ് കടിയേറ്റ് ചികിത്സ തേടിയത്. കഴിഞ്ഞ 16ന് പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് കാലില്‍ കടിയേറ്റത്.
പുളി ഉറുമ്പിനേക്കാളും ഒരിരട്ടി കുടി വലുപ്പമുള്ള ചാരനിറത്തിലുള്ള ഉറുമ്പാണ് കടിച്ചത്. കടിയേറ്റ് നിമിഷങ്ങള്‍ക്കകം ശരീരമാസകലം ചൊറിച്ചിലും, ചുമയും, ശ്വാസതടസവും, ഛര്‍ദിയുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ ലിന്‍സിനെ പറവൂര്‍ കെഎംകെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കടിയേറ്റ കാല്‍പ്പാദം തടിച്ച് വീര്‍ക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ശരീരക്ഷീണവും നീര്‍ക്കെട്ടും മാറിയിട്ടില്ല. ഇപ്പോള്‍ തോന്ന്യകാവ് ആയുര്‍വേദാശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടികളടക്കം ദിനംപ്രതി നൂറ് കണക്കിന് പേരാണ് പറവൂര്‍ അംബേദ്കര്‍ പാര്‍ക്കില്‍ എത്താറുള്ളത്. പാര്‍ക്കിലെത്തുന്നവര്‍ക്ക് ഉറുമ്പ് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്.
ലിന്‍സ് ആന്റണിയെ ഉറുമ്പ് കടിച്ച് ചികിത്സ തേടിയ വിവരം അറിഞ്ഞെങ്കിലും നഗരസഭ ആരോഗ്യ വിഭാഗം പാര്‍ക്കിലേക്ക് തിരിഞ്ഞ് നോക്കാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















