രാവണന്റെ പരാക്രമങ്ങളും പരോപദ്രവങ്ങളും അറിഞ്ഞ സഹോദരനായ കുബേരന് അനുജനെ ഉപദേശിക്കാന്‍ നിശ്ചയിച്ചു. രാവണന്റെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. ദൂതന് ലങ്കയിലെത്തിയപ്പോള്‍ വിഭീഷണന് വന്നു സല്കരിച്ചു. അതുകഴിഞ്ഞ് ദശമുഖന്റെ അടുത്തെത്തി കുബേരന് പറഞ്ഞയച്ച വാക്കുകള്‍ പറഞ്ഞു. ‘‘ഹേ, രാക്ഷസരാജാ അങ്ങുജയിക്കട്ടെ, നീചെയ്ത ഉഗ്രതപസ്സിന്റെ ഫലമൊക്കെ നിന്റെ ഭോഗാസക്തികൊണ്ട് നശിച്ചുപോകുന്നു. ദുര്ന്നയംകൊണ്ട് ലോകത്തിന് ഉപദ്രവം ചെയ്താല്‍ നരകത്തില്‍ പോകേണ്ടിവരും.’ചെന്നീടുമോ ചിരകാലമയുസ്സെടോ ദേഹധനാദികള്
നിത്യമെന്നോര്ക്കുന്ന
ദേഹികളെത്രയും മൂഢന്മാര് നിര്‍ണ്ണയം.
യൗവനം കൊണ്ടും വരബലംകൊണ്ടും നീ
സര്വജനങ്ങളെ പീഡിപ്പിച്ചാലുടന്
വന്നീടുമാപത്തുമായുര്വിനാശവും.
നന്നായ് നിരൂപിച്ചുകൊള്ളുക മാനസേ.
ദശാനനന്‍ ഉത്തമനല്ലെന്നും വൈശ്രവണന്റെ അനുജന് എത്രയും ദുഷ്ടനാണെന്നുമൊക്കെ നാട്ടുകാര്‍ പറയുന്നതുകേട്ട് ഞാന്‍ ലജ്ജിക്കുന്നു. അതിനാല്‍ നീ ധര്മ്മത്തിന് കോട്ടംതട്ടാതെ ശുഭവും അശുഭവും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. നിന്നെ വധിക്കാന്‍ വഴിയെന്തെന്ന് ദേവന്മാര് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പരോപദ്രവം ചെയ്യരുത്.’’ ദൂതന്റെ വാക്കുകള്‍ കേട്ട് കുപിതനായ രാവണന് പരിഹാസത്തോടെ പറഞ്ഞു.
കൊള്ളാം. അഗ്രജന് പരമയോഗ്യന്‍. ഞാന്‍ അതിദുഷ്ടന് എന്നൊക്കെപറഞ്ഞതു വളരെ നന്നായി. അവന്റെ ദിക്പാലത്വവും, ഗുഹ്യകന്മാരുടെയും കിന്നരന്മാരുടെയും യക്ഷന്മാരുടെയുമൊക്കെ നേതൃസ്ഥാനവും പുണ്യജനം എന്ന പേരും പ്രഭുത്വവുമൊക്കെ ഞാന്‍ കാണിച്ചുതരാം. സ്വയം വലിയ ആളായി മറ്റുള്ളവരെ നിന്ദിച്ചുകൊണ്ട് കോട്ടക്കകത്ത് ഒളിച്ചിരിക്കുന്നതും ഞാന്‍ കാണിച്ചുതരാം.’എന്ന് അലറിക്കൊണ്ട് ദൂതനെ വെട്ടിക്കൊന്നു. ദൂതനെ കൊന്നതിനാല്‍ രാവണന് ദൂതന് നിമിത്തം ആപത്തുവരുമെന്നും നിശ്ചയം. എന്നിട്ട് ക്രോധത്തോടെ സൈന്യസമേതം അളകാപുരി ആക്രമിച്ചു. കുബേരനെ പരാജയപ്പെടുത്തി പുഷ്പകവിമാനവും അപഹരിച്ചുകൊണ്ട് മടങ്ങിപ്പോയി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: