സുകേശന്റെ സന്താനങ്ങളെ തനിക്കു വധിക്കാന്‍ കഴിയില്ലെന്ന് ശിവന് അറിയിച്ചു. അവരോട് വിഷ്ണുഭഗവാനെ സമീപിച്ച് സങ്കടം ഉണര്‍ത്തിക്കാന്‍ ശിവന് നിര്‍ദ്ദേശിച്ചു. ദുഷ്ടന്മാരായ രാക്ഷസന്മാരെ വധിച്ച് അവരുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കാമെന്ന് വിഷ്ണു വാക്കുകൊടുത്തു.
ദേവന്മാരും താപസന്മാരും വൈകുണഠത്തില് നിന്നും സന്തോഷത്തോടെ മടങ്ങിപ്പോയി. ഈ വിവരം സുമാലി തുടങ്ങിയ രാക്ഷസന്മാര് അറിഞ്ഞു. മഹാവിഷ്ണു തങ്ങളുടെ ശത്രുക്കളെ രക്ഷിക്കാമെന്നു വാക്കു നല്കിയിരിക്കുന്നു. മാല്യവാന്‍ സഹോദരന്മാരോടു പറഞ്ഞു. ‘‘ആദിനാരായണന്റെ തെറ്റല്ല. ദേവന്മാരുടെ സാഹസമാണിത്. ദേവന്മാരെ രക്ഷിക്കാന്‍ വിഷ്ണു പുറപ്പെടുന്നതിനുമുമ്പ് നമുക്ക് ദേവലോകം ആക്രമിക്കണം. വേണ്ടിവന്നാല്‍ വിഷ്ണുവിനെയും വധിക്കണം. ഉടനെ പടകൂട്ടുക. പാതാളത്തിലും മറ്റെല്ലായിടത്തുമുള്ള രാക്ഷസവീരന്മാരെയൊക്കെ ഉടനെ വരുത്തണം.’’ ഇപ്രകാരം പറഞ്ഞ് രാക്ഷസന്മാരെയെല്ലാം ഒന്നിച്ചുകൂട്ടി നാലംഗപ്പടയോടുകൂടി സുമാലി, മാല്യവാന്‍, മാലി എന്നിവരുടെ നേതൃത്വത്തില്‍ ദേവലോകം ആക്രമിച്ചു. ദേവേന്ദ്രന് ഉടനെ മഹാവിഷ്ണുവിനെ വിവരം അറിയിച്ചു. മഹാവിഷ്ണു ഗരുഡന്റെ പുറത്തുകയറി അവിടെയെത്തി . ദേവന്മാരും രാക്ഷസപ്പടയും തമ്മില്‍ കഠിനമായ യുദ്ധം ആരംഭിച്ചു.
രാക്ഷസപ്പടയുടെ നേരെ ഭഗവാന് വിഷ്ണു മിന്നല്‍പോലെ ശരമാരി തൂകാന്‍ തുടങ്ങി. രാക്ഷസന്മാരുടെ ശരീരങ്ങളില്‍ തറച്ചിട്ട് അവ ഭൂമിയും ഭേദിച്ച് പാതാളത്തില്‍ ചെന്നുവീണു. ആവരുടെ സൈന്യത്തെയും ആയുധങ്ങളെയും തകര്‍ത്തു. അനേകം നിശാചരര്‍ കൈകാലുകളും ശിരസ്സും അറ്റു വീണു. ആ സമയത്ത് ഭഗവാന് പാഞ്ചജന്യം മുഴക്കി. അതിന്റെ മുഴക്കത്തില്‍ ഭയന്ന രാക്ഷസപ്പട കുറെയെണ്ണം അപ്പോള്‍ത്തനെ മോഹിച്ചുവീണു. ബാക്കിയുള്ളവര്‍ പിന്തിരിഞ്ഞോടി. അതുകണ്ട് വീരനായ സുമാലി തേരില്‍ക്കയറി യുദ്ധത്തിനുവന്നു. ഭഗവാന് അവന്റെ സൂതനെ വധിച്ചു. തേരും പൊടിച്ചു.
ഭഗവാന്റെ അസ്ത്രമഴ തടുക്കാനാകാതെ സുമാലി വിഷമിക്കുന്നതുകണ്ട് അനുജനായ മാലി രഥത്തില്‍ കയറി ഭഗവാനോട് എതിരിട്ടു. വിഷ്ണുഭഗവാന് അവന്റെയും തേരാളിയെക്കൊന്ന് തേരുംപൊടിച്ചു. സുദര്‍ശനചക്രംകൊണ്ട് മാലിയുടെ ശിരസ്സും മുറിച്ചിട്ടു. നിശാചരന്മാര് ഭയന്ന് അവിടെന്നും ഓടാന്‍ തുടങ്ങി. അതുകണ്ട് മാല്യവാന്‍ വേലുമെടുത്തുകൊണ്ട് യുദ്ധത്തിനടുത്തു. ഭഗവാന് ആ വേല് പറിച്ച് ദൂരെയെറിഞ്ഞപ്പോള്‍ ഒരു ശൂലവുമെടുത്തുകൊണ്ടായി യുദ്ധം. പക്ഷേ ഭഗവാന്റെ ആയുധവര്ഷത്തിനുമുന്നില് പിടിച്ചുനില്‍ക്കാനാകാതെ മാല്യവാനും വീണു. അതുകണ്ടപ്പോള്‍ ഇനി യുദ്ധം ചെയ്യുന്നതു പന്തിയല്ലെന്നു മനസ്സിലാക്കിയ സുമാലി ശേഷിച്ച സൈന്യത്തോടുകൂടി യുദ്ധക്കളത്തില്‍ നിന്നോടിപ്പോയി. അവര്‍ ലങ്കയില്‍പോയി ദുഃഖത്തോടെ വാണു. എന്നാല്‍ ഭഗവാന് തുടരെ തുടരെ അവരെ ആക്രമിച്ചപ്പോള്‍ അവര്‍ക്ക് ലങ്കയിലും കഴിയാന്‍ വയ്യാതായി. എല്ലാ രാക്ഷസന്മാരും ലങ്ക ഉപേക്ഷിച്ചോടി ഭാര്യമാരോടൊപ്പം പാതാളത്തില്‍ വാസമുറപ്പിച്ചു. അങ്ങനെ ദേവന്മാര്ക്കും ആശ്വാസമായി . ലങ്കയില്‍ ആളൊഴിഞ്ഞു. വിശ്രവസ്സിന്റെ നിര്‍ദ്ദേശപ്രകാരം വൈശ്രവണന് യക്ഷന്മാരോടുകൂടി സുവര്‍ണ്ണനഗരിയായ ലങ്കയില്‍ താമസമാക്കുകയും ചെയ്തു.
രാവണന്റെയും സഹോദരന്മാരുടെയും ജനനം
കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഭൂമിയിലെ വിശേഷങ്ങള്‍ അറിയണമെന്ന് സുമാലിക്ക് ആഗ്രഹമുണ്ടായി. മാത്രമല്ല സുമാലിയുടെ പുത്രിയായ കൈകസിക്ക് പറ്റിയ ഒരു വരനെയും കണ്ടെത്തണം. അതിനായി മകളുമൊത്ത് ഭൂമിയിലെത്തി ദേശങ്ങള്‍തോറും സഞ്ചരിച്ചു. തങ്ങള്‍ വിട്ടിട്ടുപോയ ലങ്കയില്‍ സിദ്ധന്മാരുടെയും അപ്സരസ്സുകളുടെയും ഗന്ധര്‍വ്വന്മാരുടെയും യക്ഷന്മാരുടെയും നായകനായ കുബേരന് ആഡംബരത്തോടെ വസിക്കുന്നു. ഒരു നാള് കുബേരന് പിതാവായ വിശ്രവസ്സിനെ സന്ദര്‍ശിക്കാനായി പുഷ്പകവിമാനത്തില്‍ അനുയായികളോടൊപ്പം ആകാശമാര്‍ഗ്ഗേണ പോകുന്നത് സുമാലി കണ്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: