ആനയോളം തലയെടുപ്പുണ്ട് പുത്തന്‍കുളത്തുകാരുടെ ആനപ്രേമത്തിന്. ഗുരുവായൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളത് കൊല്ലം പരവൂര്‍ പൂതക്കുളത്തിനടുത്ത പുത്തന്‍കുളത്താണ്. പുത്തന്‍കുളം ജോയ്ഭവനില്‍ വിശ്വംഭരന്‍ എന്ന ആനപ്രേമി ഗിരിജ എന്ന നാട്ടാനയെ വാങ്ങിയതോടെയാണ് നാട്ടുകാര്‍ക്ക് ആനക്കമ്പം കേറുന്നത്. പിന്നെ അങ്ങോട്ട് കേരളം കണ്ട ആനയഴകുകളില്‍ ഏറെക്കുറെ എല്ലാ താരങ്ങളും പുത്തന്‍കുളത്തെ ആനത്തറവാട്ടിലേക്ക് എത്തിത്തുടങ്ങി. ഗിരിജയ്‌ക്കുശേഷം ഒരുവ്യാഴവട്ടത്തിനുള്ളില്‍ ഗുണശീലന്‍ എന്ന കൊമ്പന്‍ തറവാടിന്റെ സ്വന്തമായി. പിന്നെ പേരെടുത്ത കൊമ്പന്മാരുടെ എഴുന്നള്ളത്ത്.
ആനപ്രേമം വിശ്വംഭരനില്‍ ഒതുങ്ങിനിന്നില്ല. അച്ഛനെ പിന്തുടര്‍ന്ന് മക്കളും ഈ രംഗത്തേക്കിറങ്ങി. മകന്‍ ഷാജിയാണ് ആനത്തറവാട്ടിലെ ഇപ്പോഴത്തെ കാരണവര്‍. കേശവന്‍, അനന്തപദ്മനാഭന്‍, വനമോഹനന്‍, രാജശേഖരന്‍, ഗണപതി, ഗംഗ, ഗൗരി എന്നിങ്ങനെ 22 ആനകളാണ് ഇന്ന് തറവാടിന്റെ പെരുമ കാത്തുസൂക്ഷിക്കുന്നത്. ചുള്ളിപ്പറമ്പ് വിഷ്ണുശങ്കര്‍, ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍, ഉട്ടോളി അനന്തന്‍, പട്ടത്ത് ശ്രീകൃഷ്ണന്‍ തുടങ്ങിയ ആനപ്രമാണികളെല്ലാം ഇവിടുത്തെ ആനപ്പന്തിയില്‍ നിന്ന് കടന്നുപോയവരാണ്. പരവൂര്‍, പുത്തന്‍കുളം, മീനാട്, കൊല്ലം മേഖലകളിലായി അമ്പതോളം ആനകളാണുള്ളത്. ഏറ്റവും കൂടുതല്‍ ആനകളുമായി ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് പുത്തന്‍കുളം ഷാജി തന്നെ.
താരമായി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായാണ് പുത്തന്‍കുളം ഷാജി തന്റെ ഒരാനയ്‌ക്ക് മോദിയെന്ന് പേരിട്ടത്. പേരിലെ പെരുമതന്നെ മോദിയെ പൂരപ്പറമ്പുകളിലെയും താരമാക്കി. പൊക്കത്തിന്റെ കേമത്തത്തിന് അപ്പുറം വടിവൊത്ത ആനയഴകും വിരിഞ്ഞ നെറ്റിത്തടവും ഈ മോദിയെ വ്യത്യസ്തനാക്കുന്നു. വിരിഞ്ഞ നെറ്റിത്തടവും സ്വഭാവത്തിലെ രാജകീയതയും അവനെ ആനപ്രേമികള്‍ക്ക് പ്രിയപ്പെട്ടവനാക്കി. തലയെടുപ്പില്‍ പ്രതാപി പുത്തന്‍കുളം അര്‍ജുനനാണ്. രാജാക്കന്മാരോടുപോലും പൊരുതാനുള്ള ആത്മബലം അവനുണ്ട്. പത്തടി പൊക്കത്തിന് ഒത്ത ശരീരം. വിരിഞ്ഞ നെറ്റിത്തടം. നിറമാര്‍ന്ന നഖങ്ങള്‍, തികഞ്ഞ സാത്വികന്‍. സൗന്ദര്യത്തില്‍ മുന്‍നിരക്കാരന്‍ കേശവന്‍ തന്നെ. ലക്ഷണമൊത്ത ചെവിയും ഇരുത്തംവന്ന അഴകും അവനെ ശ്രദ്ധേയനാക്കുന്നു. വനമോഹനനും രാജശേഖരനും ഗണപതിയും അഴകില്‍ പിന്നിലല്ല. സുന്ദരികളായ ഗംഗയ്‌ക്കും ഗൗരിക്കുമാണ് ഗൃഹഭരണം. തിരക്കു കഴിഞ്ഞ് ഉത്സവക്കാഴ്ചകള്‍ കാണാന്‍ ഇവരും പോകും. പിടിയാനകള്‍ക്കു മാത്രം പ്രവേശനമുള്ള പല പൂരങ്ങള്‍ക്കും ഇവര്‍തന്നെയാണ് താരറാണിമാര്‍.
ആഹാരം കിടുവാണ്
കൃത്യമായ ഭക്ഷണക്രമം എല്ലാ ആനകള്‍ക്കും പുത്തന്‍കുളത്ത് ഉറപ്പാക്കുന്നു. രാവിലെ പനമ്പട്ടയും ഓലയും വെള്ളവും. പിന്നീട് ഒരുമണിക്കൂര്‍ നടപ്പ്. മടിയന്മാര്‍ക്ക് പ്രത്യേകപരിശീലനം. ഒന്‍പത് മണിയോടെ വിശാലമായ തേച്ചുകുളി പൂര്‍ത്തിയാക്കി പ്രഭാതഭക്ഷണം. ആദ്യം അവലും ഈന്തപ്പഴവും ചേര്‍ത്ത് ഭക്ഷണം…. പിന്നെ വീട്ടുകാര്യങ്ങള്‍ പറഞ്ഞ് അല്‍പ്പസമയം… 12 മണിയോട് പ്രത്യേക ഔഷധക്കൂട്ടില്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. അരിയും കൂവപ്പൊടിയും കരുപ്പെട്ടിയും മഞ്ഞളും നവധാന്യപ്പൊടിയും വേവിച്ച് ഉണ്ടയാക്കിയ ചോറ്, ഉച്ചയൂണിനെ തുടര്‍ന്ന് വീണ്ടും വിശ്രമം, ഇടയ്‌ക്ക് ഒന്ന് നനയണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനും സൗകര്യം. വൈകിട്ട് പുല്ലും പട്ടയുമാണ് പ്രധാന ഭക്ഷണം. ഒരാനയ്‌ക്കു ദിവസം 250 കിലോഗ്രാം ഭക്ഷണമെങ്കിലും വേണമെന്ന് ഷാജി പറയുന്നു. മദപ്പാടുള്ള ആനയാണെങ്കില്‍ ഭക്ഷണക്രമം മാറും. പഴം, വെള്ളരി, കുമ്പളങ്ങ, തണ്ണിമത്തന്‍ തുടങ്ങിയവ യഥേഷ്ടം നല്‍കണം. ആനയ്‌ക്ക് നല്‍കുന്ന ആഹാരത്തില്‍ മറ്റേത് ജീവിക്കും എന്ന പോലെ അന്നജം, ധാതുക്കള്‍, ജീവകങ്ങള്‍, മാംസ്യങ്ങള്‍, കൊഴുപ്പ് എന്നിവയുണ്ടാവണം. ഇപ്രകാരം പോഷകാഹാരം നല്‍കുകയും ശരിയാം വിധം ആനയെ പരിചരിക്കുകയും ചെയ്താല്‍ ആന ആരോഗ്യവാനായിരിക്കുകയും, ശാരീരിക മാറ്റങ്ങള്‍ കൃത്യസമയത്ത് ഉണ്ടാവുകയും ചെയ്യും.
സുഖ ചികിത്സ
ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖ ചികിത്സയും പുത്തന്‍കുളത്ത് ആനത്താവളത്തില്‍ തുടങ്ങിയിട്ടുണ്ട്. ആനവിദഗ്‌ദ്ധരുടെയും ഡോക്ടര്‍മാരുടേയും മേല്‍നോട്ടത്തിലാണ് ചികിത്സ. ഉത്സവങ്ങളുടെ തിരക്കിലും വേനല്‍ച്ചൂടിന്റെ കാഠിന്യത്തിലും നഷ്ടമായ ആരോഗ്യം വീണ്ടെടുക്കുകയാണ് സുഖചികിത്സ. പതിനഞ്ച് ലക്ഷം രൂപയോളമാണ് ഇവിടുത്തെ ആനകളുടെ സുഖചികിത്സയ്‌ക്കായി മാറ്റിവെയ്‌ക്കുന്നത്. ആനകളെ കുളിപ്പിച്ച് വൃത്തിയാക്കിയതിനുശേഷം പ്രത്യേകം തയ്യാറാക്കിയ ച്യവനപ്രാശം, ആയുര്‍വ്വേദ അലോപ്പതി മരുന്നുകള്‍ എന്നിവയടങ്ങിയ ഔഷധക്കൂട്ടുകളുടെ ചോറുരുള നല്‍കും. ഓരോ ആനയുടേയും ശരീരഭാരത്തിനനുസരിച്ചാണ് മരുന്നുകളും മരുന്നുരുളയും നല്‍കുക.
പരിചരണത്തില്‍ ശ്രദ്ധ
ഒരു ദിവസത്തില്‍ 24 മണിക്കൂറാണ് ഉള്ളതെങ്കില്‍ അതില്‍ 20 മണിക്കൂറും തീറ്റയില്‍ വ്യാപൃതരാണ് ആനകള്‍. ഇവയുടെ ആഹാരത്തിന്റെ 40 ശതമാനം മാത്രമേ കുടലില്‍ വച്ച് ദഹിച്ച് ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. ബാക്കി വിസര്‍ജിക്കപ്പെടുന്നു. നാരുള്ള ആഹാരങ്ങള്‍ കൂടുതലിഷ്ടം. കാട്ടാന മരത്തൊലി, മരച്ചില്ല, പച്ച ഇലകള്‍, ഇല്ലി, പുല്ല് എന്നിവയൊക്കെ തിന്നുമ്പോള്‍ നാട്ടാന പനംപട്ട, തെങ്ങോല, കൈത, പനമരം, ചോളത്തണ്ട്, കരിമ്പ് എന്നിവയൊക്കെ ഭക്ഷണമാക്കുന്നു. തികച്ചും സസ്യഭുക്കായ ആനയ്‌ക്ക്അതിന്റെ ശരീരഭാരത്തിന്റെ അഞ്ചുശതമാനം തൂക്കത്തില്‍ നാരുള്ള ഭക്ഷണം വേണമെന്നാണു കണക്ക്. അതിനാല്‍ ഇക്കാര്യങ്ങളില്‍ കുറവ് വരുത്താറില്ല.
തീറ്റപോലെ തന്നെയാണ് ആനയ്‌ക്ക് വെള്ളവും. ഇത് ദാഹത്തിന് അപ്പുറം ഒരു പ്രതിരോധ മാര്‍ഗ്ഗം കൂടിയാണ്. പുത്തന്‍കുളത്ത് ഇതിനുള്ള വന്‍സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. വിശപ്പിനും ദാഹത്തിനും വെള്ളം എന്നാണ് ആനയുടെ പ്രമാണം. കുടിക്കാനും കുളിക്കാനും വെള്ളം ഏറെ വേണം. ഒരു ദിവസം ആന 250 ലിറ്റര്‍ വെള്ളം കുടിക്കും. തുമ്പിക്കൈകൊണ്ട് ഒരു തവണ വലിക്കുമ്പോള്‍ എട്ടുലിറ്റര്‍ വെള്ളം അകത്ത് എത്തുമെന്നാണ് കണക്ക്. അങ്ങനെ ഒരു തവണ എട്ടോ പത്തോ കൈ വെള്ളം കുടിക്കും. ഇപ്രകാരം ദിവസത്തില്‍ മൂന്നു തവണ. തെളിഞ്ഞ വെള്ളമാണ് ആനയ്‌ക്കിഷ്ടം. ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഉണ്ടെങ്കില്‍ കുടിക്കാന്‍ മടി കാണിക്കും. കിണറ്റിലെ വെള്ളം മാത്രം കുടിക്കുന്ന നാട്ടാനകള്‍ കേരളത്തിലുണ്ട്.
വട്ടച്ചെലവിന് നട്ടംതിരിയും
ആനയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഉടമസ്ഥര്‍ നേരിടുന്ന വെല്ലുവിളികളും ഷാജി ജന്മഭൂമിയോട് പങ്കുവച്ചു. ആന ഞങ്ങളുടെ അന്നവും ആനന്ദവും അനുഭൂതിയുമാണ്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടേതുള്‍പ്പെടെയുള്ള നൂലാമാലകള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഒരാനയ്‌ക്ക് ദിവസേന 4000 രൂപയോളം ശരാശരി ചെലവ് വരുന്നുണ്ട്. ജീവനക്കാരുടെ കൂലി വേറെ. വേണ്ടത്ര പട്ട കിട്ടാനില്ല. അതിനാല്‍ തീവിലയ്‌ക്കാണ് തീറ്റവാങ്ങുന്നത്. ഒരു പട്ടയ്‌ക്ക് 110 രൂപ വില. ലഭ്യത അനുസരിച്ച് ഇവയ്‌ക്ക് വ്യത്യാസം വരും.പനംപട്ടയ്‌ക്കു രൂക്ഷമായ ക്ഷാമമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നിലവിലുള്ള പനകള്‍ വെട്ടിനീക്കുകയും പുതിയവ വച്ചുപിടിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ദൗര്‍ലഭ്യം ഏറുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ തീറ്റയ്‌ക്ക് വേറെ വഴി തേടേണ്ടി വരുമെന്നും ഷാജി പറയുന്നു.
അത്യാധുനിക പാര്‍ക്ക്
കാലത്തിനും ദേശത്തിനുമപ്പുറം ഉയര്‍ന്ന പുത്തന്‍കുളം ഷാജിയുടെ ആനപ്പെരുമയ്‌ക്ക് ഇന്ന് ആമുഖത്തിന്റെ ആവശ്യമില്ല. പുത്തന്‍കുളത്തെ വിശാലമായ ഏഴേക്കര്‍ ഭൂമിയില്‍ ആന പരിപാലനത്തിനായി ഇദ്ദേഹം ഒരുക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ പാര്‍ക്കിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇവിടെ സഞ്ചാരികള്‍ക്ക് ആനയുമായി അടുത്തിടപഴകാനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ആനകള്‍ക്ക് കുളിക്കാനുള്ള ഷവറും പൂര്‍ത്തിയാകുന്നു. വിനോദസഞ്ചാരികള്‍ക്ക് ആനകളെ അടുത്തു കാണാം, ആനപ്പുറത്ത് സവാരി നടത്താം, കുളിപ്പിക്കാം, ഭക്ഷണം നല്‍കാം. ഇതിനായി മാതൃകാ ആനത്താവളം ഒരുങ്ങിയിരിക്കുകയാണ്, സഞ്ചാരികള്‍ക്ക് സ്വാഗതമോതി.
ആദ്യത്തെ കണ്‍മണി
പതിറ്റാണ്ടുകള്‍ക്കുശേഷം ആനപ്രസവത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ് പൂത്തന്‍കുളം. ആനകള്‍ വീട്ടില്‍ പ്രസവിക്കുന്നത് അശുഭമാണെന്ന വിശ്വാസം കാറ്റില്‍ പറത്തിയ നിമിഷമായിരുന്നു അത്. സോണ്‍പുര്‍ ആനച്ചന്തയില്‍ നിന്ന് ഷാജി കണ്ടെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ലക്ഷ്മിയെന്ന ആനപ്പെണ്ണ് ആദ്യ കണ്‍മണിക്ക് ജന്മം നല്‍കി. അവനാണ് പുത്തന്‍കുളം ശിവന്‍. ഗര്‍ഭിണിയാണെന്ന സംശയത്തോടെതന്നെയാണ് ലക്ഷ്മിയെ ഷാജി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ആന നാട്ടില്‍ പ്രസവിക്കുന്നത് കുടുംബത്തിന് ദോഷമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഇരുപതു മുതല്‍ ഇരുപത്തിരണ്ടു മാസംവരെ നീണ്ടുനില്‍ക്കുന്ന ആനകളുടെ ഗര്‍ഭകാലവും ഗര്‍ഭപരിചരണവും എല്ലാം കഴിഞ്ഞ്- ആനപ്രസവത്തിനായി ആകാംക്ഷയോടെ കാത്തുകാത്തിരുന്ന മലയാളിയുടെ മടിയിലേക്ക് ലക്ഷ്മി ശിവനെ പെറ്റിട്ടു. പിന്നെ അങ്ങോട്ട് വെച്ചടി വെച്ചടി കേറ്റമായിരുന്നുവെന്ന് ഷാജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: