എസ്എഫ്ഐയിലൂടെ വളര്‍ന്ന് സിപിഎമ്മിന്റെ നേതാവായതാണ് കോടിയേരി ബാലകൃഷ്ണന്. ഇന്ന് എസ്എഫ്ഐ പാര്‍ട്ടി സെക്രട്ടറിയുടെ തൊണ്ടയില്‍ കുരുങ്ങിയ മുള്ളായോ? എസ്എഫ്ഐയുടെ പിതൃത്വം സിപിഎമ്മിനല്ലെന്നു പറയുന്ന കോടിയേരി പിന്നെ ആര്‍ക്കാണ് പിതൃത്വമെന്ന് പറയുമോ? ഒരു ബന്ധവുമില്ലെങ്കില്‍ എന്തിനാണാവോ പാര്‍ട്ടി റിപ്പോര്‍ട്ടുകളില്‍ എസ്എഫ്ഐയുടെ നേട്ടവും കോട്ടവും ചൂണ്ടിക്കാട്ടുന്നത്. കുട്ടി നന്നായാല്‍ തറവാട്ട് മഹിമ. ചീത്തയായാല്‍ അച്ഛന് പഴി. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ഹൃദയത്തില്‍ കഠാര കുത്തിക്കയറ്റിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
ലജ്ജാഭാരം കൊണ്ട് തല ഉയര്‍ത്താന്‍ കഴിയുന്നില്ലെന്ന് ആദ്യം പ്രതികരിച്ചത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്. വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെടെ കോളേജില്‍നിന്നും പ്രമുഖ സിപിഎം നേതാക്കളും യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ ഏറെ ദുഖിതരാണ്. പൊതുസമൂഹമാകട്ടെ എസ്എഫ്ഐയുടെ ക്രൂരതകള്‍ നിരത്തുന്നുമുണ്ട്. സ്വാഭാവികമായി മാധ്യമങ്ങളും അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. അതുപക്ഷെ എസ്എഫ്ഐയെക്കാള്‍ സിപിഎം നേതാക്കളെ അരിശംകൊള്ളിക്കുകയാണ്. എസ്എഫ്ഐയുമായി ഒരു ബന്ധവുമില്ലെങ്കില്‍ എന്തിനാണാവോ സിപിഎം വെപ്രാളപ്പെടുന്നത്.
യൂണിവേഴ്സിറ്റി കോളേജ് ഇന്നും മികവിന്റെ കേന്ദ്രമാണെന്നാണ് കോടിയേരി പറയുന്നത്. ഓരോ കാര്യവും വെളിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മികവിന്റെ കേന്ദ്രമായതും അംഗീകാരം കിട്ടിയതുമെല്ലാം കള്ളക്കണക്കുകളും കള്ളസര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടാവുമോ എന്ന സംശയം സ്വാഭാവികമാണ്. യൂണിവേഴ്സിറ്റി കോളേജിലേത് ഒറ്റപ്പെട്ട സംഭവമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. നാടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്എഫ്ഐ കുഴപ്പം നടത്തുന്നുണ്ട്.
അധ്യാപികമാരെപ്പോലും അവര്‍ വെറുതെവിടുന്നില്ല. പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളിന് യാത്രയയപ്പ് നല്‍കിയത് ശവക്കുഴി ഒരുക്കിക്കൊണ്ടായിരുന്നല്ലൊ. ദീര്‍ഘകാലം അധ്യാപനത്തില്‍ മുഴുകി ആയിരക്കണക്കിന് പ്രതിഭകളെ സമ്മാനിച്ച അധ്യാപികയുടെ കണ്ണീര് വീഴ്ത്തിയതിന്റെ ശാപം എസ്എഫ്ഐയെ വേട്ടയാടാതിരിക്കുമോ? മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര കോളേജ് മുറ്റത്തിട്ട് കത്തിച്ചതില്‍ എസ്എഫ്ഐയ്ക്ക് പങ്കില്ലെന്ന് ഇന്നുവരെ സിപിഎം പറഞ്ഞിട്ടുണ്ടോ? കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ പ്രിന്‍സിപ്പാളിനും ഇതേ അനുഭവമല്ലെ ഉണ്ടായത്. എത്രയെത്ര അധ്യാപകര്‍ക്ക് എസ്എഫ്ഐയെ ഭയന്ന് ജീവിക്കേണ്ടിവന്നിട്ടുണ്ട്.
പാര്‍ട്ടി ഗ്രാമങ്ങളെപ്പോലെ പാര്‍ട്ടി കോളേജുകളം സിപിഎം സ്ഥാപിച്ചിരിക്കുന്നു. സിപിഎമ്മിന് സിന്ദാബാദ് വിളിക്കാത്ത കുട്ടികള്‍ക്ക് അവിടെ പ്രവേശനമില്ല. പഠനവുമില്ല. യൂണിവേഴ്സിറ്റി കോളേജില്‍നിന്നും പഠിത്തം നിര്‍ത്തി പോയ കുട്ടികളുടെ പട്ടിക നീളുകയാണ്. ദുരനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വിവരിക്കുകയല്ലെ. വലതുപക്ഷ സംഘടനകളും മാധ്യമങ്ങളും എസ്എഫ്ഐയെയും സിപിഎമ്മിനെയും തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണത്രെ. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന വലതുപക്ഷമാണോ? കാനം രാജേന്ദ്രന് വലത് പിന്തിരിപ്പനാണോ? വര്‍ഷങ്ങള്‍ക്കുമുമ്പ് നവാഗതര്‍ക്ക് സ്വാഗതം എന്ന ബാനര്‍ കെട്ടിയ എഐഎസ്എഫുകാരെ തല്ലി ഓടിച്ചിട്ടും അരിശംതീരാത്ത എസ്എഫ്ഐ എന്തൊക്കെ ചെയ്തുവെന്ന് തലസ്ഥാനവാസികള്‍ക്ക് നന്നായി അറിയാം. ഏജീസ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഐ ജില്ലാ കമ്മറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. അവിടെയുണ്ടായിരുന്ന ചെങ്കൊടികള്‍ വാരിയിട്ട് കത്തിച്ചു. ലെനിന്റെയും മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചില്ലിട്ട ചിത്രങ്ങള്‍ തറയിലിട്ട് പൊടിപൊടിയാക്കി. അതിനുശേഷവും എഐഎസ്എഫ്കാരായ നിരവധിപേര്‍ക്ക് തല്ലുകിട്ടി.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഉല്‍പ്പാദിപ്പിക്കുന്നത് പ്രതികളെയും ഗുണ്ടകളെയുമാണ്. തലസ്ഥാനത്തെ ഗുണ്ടകളിലെ പ്രമുഖരെല്ലാം ഇവരുടെ സൃഷ്ടിയാണ്. തല്ലാനും കൊല്ലാനും അവര്‍ക്ക് മടിയില്ല. അതുകൊണ്ടുതന്നെ ഈ സംഘടനയുടെ പിതൃത്വം സിപിഎമ്മിനല്ലാതെ മറ്റാരുമാകാന്‍ കഴിയില്ല. കൊടിയും മുദ്രാവാക്യവും മാറ്റിയാലും സ്വാഭാവം മാറില്ല. നീലം തേച്ചാലും ഓരിയിടുമ്പോള്‍ കുറുക്കനെ തിരിച്ചറിയാമല്ലൊ. പിതൃത്വമില്ലെങ്കില്‍ എന്തിന് കോളേജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വിജയത്തെ പാര്‍ട്ടി സെക്രട്ടറി എടുത്തുപറയുന്നു. ഓടരുതമ്മാവാ ആളെ അറിയാം. എന്നതുപോലെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഇപ്പോഴത്തെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: