ജൈനസിദ്ധാന്തങ്ങളെ എതിര്‍ക്കുന്ന ആറാം അധികരണം തുടരുന്നു.
സൂത്രം ന ച പര്യായാദപ്യവിരോധോ വികാരാദിഭ്യ:
(ന ച പര്യായാദ് അപി അവിരോധ: വികാരാദിഭ്യ:)
ശരീരത്തിനനുസരിച്ച നില ആത്മാവ് ധരിക്കുന്നുവെന്ന് കരുതിയാലും വിരോധമില്ലായ്മ ഉണ്ടാവുകയില്ല. വികാരം മുതലായവയ്ക്ക് അധീനമായിത്തീരുന്നതിനാലാണിത്. ജൈന സിദ്ധാന്തപ്രകാരം ശരീരത്തിന്റെ സ്ഥിതി പോലെയാണ് ആത്മാവ് എന്ന് കരുതിയാല്‍ ആത്മാവിന് മാറ്റങ്ങളുണ്ട് എന്ന ദോഷം വരും. ഓരോ ശരീരത്തിനനുസരിച്ചും ആത്മാവിന് രൂപമാറ്റം ഉണ്ടാകും എന്ന് പറഞ്ഞാലും വിരോധം പരിഹരിക്കപ്പെടുന്നില്ല. ശരീര രൂപത്തിലാണ് ആത്മാവ് എന്നു പറഞ്ഞാല്‍ അബദ്ധമാണ്. ശരീരത്തിന്റെ ധര്‍മ്മങ്ങളായ ഉണ്ടാവുക, വലുതാവുക, തടിക്കുക, മെലിയുക, ക്ഷയിക്കുക, നശിക്കുക തുടങ്ങിയവയൊക്കെ ആത്മാവിനും ഉണ്ടെന്ന് പറയേണ്ടി വരും.വാസ്തവത്തില്‍ നിര്‍ഗുണവും നിരാകാരവും നിരവയവുമാണ് ആത്മാവ്. അത് ഗുണങ്ങളുള്ളതും ആകാരമുള്ളതും അവയവമുള്ളതുമാണെന്ന് പറയേണ്ടി വരും. നിത്യശുദ്ധമുക്ത സ്വരൂപമായ ആത്മാവ് ഉത്പത്തിയും സ്ഥിതിയും ലയവും ഉള്ളതാണെന്നും സമ്മതിക്കേണ്ടി വരും.
ശരീരത്തിന്റെ വലുപ്പച്ചെറുപ്പമനുസരിച്ച് ആത്മാവിനും ഏറ്റക്കുറച്ചിലുണ്ടാകുന്ന പറയേണ്ടി വരും ഇത് വലിയ ന്യൂനതയാണ്. അത് എല്ലാ സിദ്ധാന്തങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വിരുദ്ധമാണ് അതിനാല്‍ ജൈന സിദ്ധാന്തം കണക്കിലെടുക്കാസാവില്ല.
സൂത്രം അന്ത്യാവസ്ഥിതേ ശ്ചോഭയനിത്യത്വാദവിശേഷ:
(അന്ത്യാവസ്ഥിതേ: ച ഉഭയ നിത്യത്വാദ് അവിശേഷ:)
അവസാന കാലത്ത് ജീവന് നിത്യത്വം കല്പിച്ചിട്ടുള്ളതിനാല് ആദിയിലും മധ്യത്തിലും നിത്യത്യമുള്ളതുകൊണ്ട് മോഷമെന്നതിന് വിശേഷമുണ്ടാകുന്നില്ല.
മോക്ഷം കിട്ടുമ്പോള്‍ ജീവന് നിത്യനാകുമെന്ന് ജൈനര്‍ പറയുന്നു. ഇതിനെ ഈ സൂത്രത്തിലൂടെ നിഷേധിച്ചിരിക്കുന്നു.
ഒരു വസ്തു ചിലപ്പോള്‍ നിത്യമെന്നും മറ്റ് ചിലപ്പോള്‍ അനിത്യമെന്നും കരുതാനാകില്ല. ഒരു വസ്തുവിന് ഒരു സമയത്ത് മാത്രം നിത്യത്വവും മറ്റ് സമയങ്ങളില്‍ അനിത്യത്യവും ഉണ്ടാകാന്‍ തരമില്ല. നിത്യമാണെങ്കില്‍ എക്കാലത്തും നിത്യം തന്നെയാണ്. അനിത്യമാണെങ്കില് എന്നും അനിത്യം തന്നെ.
ജീവന് നിത്യമാണെന്ന് പറഞ്ഞാല്‍ അതുപോലെ ആദിയിലും മധ്യത്തിലും നിത്യമാണെന്ന് സമ്മതിക്കേണ്ടിവരും. സംസാരത്തില്പ്പെടുന്ന ഒരു ജീവന് മോക്ഷം നേടും മുമ്പ് എത്രയോ ശരീരങ്ങള്‍ സ്വീകരിക്കേണ്ടിവരും. അപ്പോഴൊക്കെ ശരീരത്തിനോട് തുല്യമായ വലുപ്പമാകുമെന്ന് പറയാനാകില്ല. മധ്യത്തില്‍, സംസാരത്തില്‍ ജീവന് നിത്യനായാല് മോക്ഷത്തിലെത്തുമ്പോള്‍ പിന്നെ വിശേഷമൊന്നുമില്ല. ഇങ്ങനെ പലതരത്തില്‍ നോക്കിയാലും ജൈനമതം യുക്തിയ്ക്ക് ചേര്‍ന്നതല്ല. അതിനാല്‍ സ്വീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: