തിരുവനന്തപുരം: പോത്തന്‍കോട് അയിരൂപ്പാറ ജംഗ്ഷനു സമീപത്തെ എസ്എന്‍ഡിപി ഗുരുമന്ദിരത്തിന്റെ ഗുരുദേവ പ്രതിമയുടെ കണ്ണാടി ചില്ലുകള്‍ അടിച്ച് തകര്‍ത്ത് കാണിക്ക മോഷ്ടിച്ചു. വ്യാഴാഴ്ച രാവിലെ സമീപത്തെ അയല്‍വാസികളും എസ്എന്‍ഡിപി ഭാരവാഹികളുമാണ് ഗുരുദേവ പ്രതിമയുടെ കണ്ണാടി ചില്ല് തകര്‍ന്നനിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണാടി ചില്ലിനുള്ളില്‍ വച്ചിരുന്ന കാണിക്കവഞ്ചി മോഷണം പോയതായി കണ്ടെത്തിയത്.
പോത്തന്‍കോട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിഐ സുജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി വിരലടയാളങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പോലീസ് പട്രോളിങ് കുറയുന്നതിനാലാണ് സാമൂഹ്യവിരുദ്ധര്‍ വിലസുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
അയിരൂപ്പാറയ്‌ക്ക് സമീപം മയിലാടുംമുകളില്‍ എന്‍എസ്എസിന്റെ കൊടിതോരണം നശിപ്പിച്ച സാമൂഹ്യവിരുദ്ധനെ പോലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















