ന്യൂദല്‍ഹി : കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള രാജ്യാന്തര കോടതിവിധി സത്യത്തിന്റെയും നീതിയുടേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസില്‍ വസ്തുതകളെ കുറിച്ച് വിപുലമായ പഠനം നടത്തിയശേഷം വിധി പ്രസ്താവന നടത്തിയ രാജ്യാന്തര കോടതിയെ അഭിനന്ദിക്കുന്നു.
പാക്കിസ്ഥാനിലും കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ ഇന്ത്യക്കാരന്റെയും സുരക്ഷയ്‌ക്കായി എല്ലായ്‌പ്പോഴും കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ചാരനെന്ന് മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. വധശിക്ഷ പുനപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന് നയതന്ത്ര സഹായം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധിപ്രസ്താവന നടത്തിയത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. കൂടാതെ പാക്കിസ്ഥാന്‍ നടപടി ക്രമങ്ങള്‍ വിയന്ന കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്നും സ്വദേശത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം രാജ്യാന്തര കോടതി തള്ളിയെന്നാണ് പാക് സര്‍ക്കാര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാനില്‍ തുടരുമെന്നും പാക് നിയമപ്രകാരം അദ്ദേഹത്തോട് ഇടപെടുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും അറിയിച്ചു.
















