തിരുവനന്തപുരം : അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി സൂര്യ കൃഷ്ണ. രാജ്യത്തെ ഏറ്റവും സമുന്നതനായ നേതാവ് സ്വന്തം മേല്‍ വിലാസത്തിലേക്ക് അയച്ച കത്ത് ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനേ ആയില്ല. തിരക്കുള്ള വ്യക്തി ഇത്രയും ചെറിയ കാര്യങ്ങള്‍ക്കൊക്കെ മറുപടി നല്‍കുമോ എന്നതാണ് സൂര്യയില്‍ അമ്പരപ്പ് ഉളവാക്കിയത്.
തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് വീണ്ടും അധികാരത്തില്‍ വന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആത്മാര്‍ഥമായി അഭിനന്ദിക്കണമെന്ന് അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകള്‍ക്ക് തോന്നി. അച്ഛന്‍ തന്നെയാണ് സൂര്യയ്‌ക്ക് പ്രധാനമന്ത്രിയുടെ മേല്‍വിലാസം സംഘടിപ്പിച്ച് നല്‍കിയതും.
ആത്മാര്‍ത്ഥമായി കൊച്ചുകൊച്ചു വാക്കുകളില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് സൂര്യ അദ്ദേഹത്തിന് കത്തും എഴുതി. എന്നാല്‍ അതിന് മറുപടി ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ഈ കൊച്ചു പെണ്‍കുട്ടി പ്രതീക്ഷിച്ചിരുന്നില്ല. മാസങ്ങള്‍ക്കു ശേഷം അതിനു പ്രധാനമന്ത്രിയുടെ വക മറുപടി ലഭിച്ചപ്പോള്‍ അത്ഭുതവും ആനന്ദവും ആയി സൂര്യയ്‌ക്ക്.
കത്തിന് നന്ദിയും സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യവും ഉള്‍പ്പെടുത്താനും പ്രധാനമന്ത്രി മറന്നില്ല.
















