തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളെ എസ്എഫ്‌ഐ ക്രിമനലുകളുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സിപിഎം ക്രിമിനലുകള്‍ക്ക് എല്ലാസഹായവും ചെയ്യുന്ന കേന്ദ്രമായി പിഎസ്‌സി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പടുത്തി.
ബിജെപി നേമം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളിപ്പാന്‍കുളത്ത് നടന്ന സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു എം.ടി രമേശ്. വനിതാ പ്രിന്‍സിപ്പാളിനുനേരെ അക്രമം നടത്തിയ ക്രിമിനലുകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തവര്‍, സ്വന്തം പാര്‍ട്ടിക്കാരനു നേരെ കത്തിയുയര്‍ത്തിയപ്പോള്‍ അപമാനഭാരം കൊണ്ട് തലതാഴ്‌ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. എസ്എഫ്‌ഐ യുടെ പ്രവര്‍ത്തനരീതി കാരണം തനിക്ക് ഈ കോളേജില്‍ പഠിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു ആത്മഹത്യക്ക് വിദ്യാര്‍ത്ഥിനി ശ്രമിച്ചപ്പോള്‍ ഈ നേതാക്കള്‍ പ്രതികരിക്കാതെ ഇവര്‍ക്ക് കൂട്ടുനിന്നു. ഈ നേതാക്കളാണ് ക്രിമിനല്‍ സംഘത്തെ വളര്‍ത്തിയത്.
മാസങ്ങള്‍ കഷ്ടപ്പെട്ടുപഠിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളി നിരവധി കേസുകളില്‍ പ്രതികളായ ക്രിമിനലുകള്‍ പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുയാണെന്നും എം.ടി.രമേശ് പറഞ്ഞു. സായാഹ്ന ധര്‍ണ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറശ്രീമാര്‍, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നേമം മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പൂങ്കുളം സതീഷ്, നീറമണ്‍കര ഹരി, ബിജെപി നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍, കൗണ്‍സിലര്‍മാരായ വി.ഗിരി, ആര്‍.സി. ബീന, മഞ്ചു ജി.എസ്., എസ്.കെ.പി. രമേശ്, ആശാനാഥ്, മഞ്ജു പി.വി. കമലേശ്വരം ഏര്യാ പ്രസിഡന്റ് കമലേശ്വരം കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















