തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അരങ്ങേറിയതുപോലെ ധനുവച്ചപുരത്തും എസ്എഫ്‌ഐക്കാര്‍ തമ്മിലടിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിനുള്ളില്‍ എസ് എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.
കോളേജിലെ യൂണിറ്റ് മുറിയില്‍ യൂണിറ്റ് ഭാരവാഹികളുടെ യോഗം നടക്കുന്നതിനിടയില്‍ പരസ്പരം ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് യോഗം അലങ്കോലപ്പെടുകയും സംഘര്‍ഷം വ്യാപിക്കുകയും ചെയ്തു. സംഘര്‍ഷം കണ്ട വിദ്യാര്‍ഥികള്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് സമീപത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാര്‍ എത്തിയെങ്കിലും ഗേറ്റിനു പുറത്ത് കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
പോലീസ് ഉന്നതതലങ്ങളില്‍ സംഘര്‍ഷവിവരം അറിയിച്ചെങ്കിലും ഐഎച്ച്ആര്‍ഡി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചിരുന്നില്ല. ഇതിനിടെ സംഘര്‍ഷവിവരം പുറത്തറിയാതിരിക്കാന്‍ സ്ഥലത്തെ ഡിവൈഎഫ്‌ഐ പ്രാദേശികനേതൃത്വം കോളേജിനുള്ളില്‍ കയറി സഖാക്കളോട് അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐ സംഘം പ്രശ്‌നപരിഹാരം കണ്ടെത്താമെന്നു എസ്എഫ് ഐ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഐഎച്ച്ആര്‍ഡി കോളേജിനു പ്രിന്‍സിപ്പാള്‍ അവധി നല്‍കി.
















