തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഖിലിനെ കുത്തിവീഴ്‌ത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകള്‍. ഇതെല്ലാം കേരള സര്‍വകലാശാലയുടെ പരീക്ഷയ്‌ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്. ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ വീട്ടില്‍ ഇന്നലെയായിരുന്നു റെയിഡ്.
ഒരു മുന്‍പേജും അഡീഷണല്‍ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകള്‍. ആദ്യ ആറുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ്‍മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന് നല്‍കി കോപ്പിയടിക്ക് ഒത്താശ നല്‍കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്‌ക്കുന്ന രീതിയാണ് ഇവര്‍ ചെയ്തിരുന്നത്. നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു. അതേസമയം, കുത്തുകേസ് പ്രതിയുടെ വീട്ടില്‍ വ്യാജസീലും പരീക്ഷാപേപ്പറും കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ആറു പ്രതികളെയും അനിശ്ചിത കാലത്തേക്ക് കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
















