തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ നിറപുഞ്ചിരിയോടെ കോളേജിലേക്ക് പോയതാണ് എന്റെ മകന്. അവന്റെ ഭാവി ജീവിതമാണ് അവര്‍ ഇല്ലാതാക്കിയത്. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ അമ്മ ജിജുവിന്റെ വാക്കുകളാണിത്.
കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിനെ കഴിഞ്ഞ വര്‍ഷമാണ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പവര്‍ ലിഫ്റ്റിങ്ങില്‍ കേരളാ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായിരുന്നു അഖില്‍. അന്നു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. യൂണിറ്റ് കമ്മറ്റികള്‍ നിശ്ചയിച്ച ആളിനല്ല ചാമ്പ്യന്‍ഷിപ്പ് ലഭിച്ചത്. അതിനാല്‍ അഖിലിനെ വകവരുത്തണമെന്ന് അന്ന് തീരുമാനിച്ചിരുന്നു. അഖിലിന്റെ ബൈക്ക് യൂണിറ്റ് റൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിനായിരുന്നു അന്നത്തെ മര്‍ദനം. അന്ന് അഖിലിന്റെ മുതുകില്‍ വരെ ഇവര്‍ മര്‍ദിച്ചതായി അഖിലിന്റെ അമ്മ പറയുന്നു. തുടര്‍ന്ന് അഖിലിന്റെ അച്ഛന് ചന്ദ്രന് സിപിഎം ജില്ലാ നേതാക്കളെ കണ്ട് പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചു. കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു വച്ചിരുക്കുന്നു എന്ന് അഖില്‍ അച്ഛനെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ അഖിലിന്റെ അച്ഛന് കോളേജില്‍ എത്തി. ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ശിവരഞ്ജിത് ഉറപ്പ് നല്‍കിയിരുന്നതായും അഖിലിന്റെ അമ്മ പറയുന്നു. ഈ ഉറപ്പിലാണ് അഖില്‍ വെള്ളിയാഴ്ച കോളേജിലേയ്ക്ക് പോയത്.
അഖിലിനെ യൂണിവേഴ്സിറ്റി കോളേജിലേയ്ക്ക് പഠിക്കാന്‍ വിടുന്നതില്‍ വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു. അഖിലിന്റെ നിര്‍ബന്ധത്തിനാണ് യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നത്. സ്പോര്‍ട്ട്സ് ക്വാട്ടയിലായിരുന്നു പ്രവേശനം. പവര്‍ലിഫ്റ്റിങ് ചാമ്പ്യനായതിനാല്‍ അഖിലിന് ജോലി സാധ്യതയും ഏറെയായിരുന്നു. ഇതിലൂടെ കുടുംബം രക്ഷപ്പെടുമായിരുന്നു. ഇതിനെയാണ് ഇവര്‍ ഇല്ലാതാക്കിയത്. നിറകണ്ണുകളോടെയായിരുന്നു അഖിലിന്റെ അമ്മയുടെ പ്രതികരണം.
റെഡ് വോളന്റിയര്‍ മാര്‍ച്ചില്‍ അഖിലിന്റെ അച്ഛന് പരേഡ് നയിക്കുന്ന ചിത്രം വീട്ടില്‍ തൂക്കിയിട്ടുണ്ട്. അഖിലും സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു. ആറ്റുകാല്‍ ചിറമുക്കിന് സമീപം കുത്തുകല്ലിന്മൂട്ടിലാണ് അഖിലിന്റെ വീട്. സ്വീകരണ മുറി നിറയെ അഖില്‍ പവര്‍ ലിഫ്റ്റിങ്ങില്‍ നേടിയ മെഡലുകളും ട്രോഫികളുമാണ്. അഖിലിന് ഇനി കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്നും വീട്ടുകാര്‍ക്ക് ശങ്കയാണ്. ചിഞ്ജുവാണ് അഖിലിന്റെ സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: