ഇസ്ലാമാബാദ്: പാക്കിസ്ഥാനിലൂടെയുള്ള വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെങ്കില്‍ അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ച യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കണമെന്നു പാക്കിസ്ഥാന്‍. പാക് വ്യോമയാന സെക്രട്ടറി ഷാരുഖ് നുസ്രത്താണ് ഇക്കാര്യം അറിയിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 26ന് ഇന്ത്യ ബലാകോട്ടില്‍ തിരിച്ചടി നടത്തിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചത്. ബാലാകോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയും വ്യോമപാത അടച്ചിരുന്നുവെങ്കിലും മേയ് 31ന് തുറന്നു കൊടുത്തു.
പാക് വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യയ്‌ക്ക് 491 കോടി നഷ്ടമുണ്ടായിട്ടുണ്ട്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്‌ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
















