ശാസ്താംകോട്ട: വാഹന പരിശോധനയ്‌ക്കിടെ വടിവാളുമായി കാമ്പസ്ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകനായ പതിനാറുകാരന്‍ പിടിയില്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചക്കുവള്ളി ആര്‍ടി ഓഫീസിന് മുന്നിലാണ് സംഭവം.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ വന്ന മദ്രസാ വിദ്യാര്‍ഥിയെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ലൈസന്‍സില്ലാത്ത ഇയാളുടെ സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിഭാഗം പരിശോധിച്ചപ്പോഴാണ് വടിവാള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ ഇയാളെ വാഹനവും ആയുധവുമായി ശൂരനാട് പോലീസിന് കൈമാറി.
അറസ്റ്റിലായ പോരുവഴി കമ്പലടി തെക്കേമുറിയിലുള്ള മദ്രസാ വിദ്യാര്‍ഥി കാമ്പസ്ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സജീവ പ്രവര്‍ത്തകനാണ്. പിടിയിലായ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശൂരനാട് പോലീസ് വ്യാഴാഴ്ച വൈകിയും നിയമനടപടി സ്വീകരിച്ചിട്ടില്ല.
















