പരമാണുജഗദകാരണത്വാധികരണം തുടരുന്നു.
സൂത്രം നിത്യമേവ ച ഭാവാത്
അണുസ്വഭാവം നിത്യമാണെന്ന് ധരിക്കുന്ന പക്ഷവും പരമാണു വാദം ശരിയാവില്ല.
വൈശേഷികര്‍ പരമാണുക്കളെ നിത്യങ്ങളെന്ന് പറയുന്നു.അങ്ങനെയെങ്കില്‍ അവയുടെ സ്വഭാവവും നിത്യമാകണം.
അണുക്കള്‍ക്ക് പ്രവൃത്തിയോ നിവൃത്തിയോ സ്വഭാവമായി എല്ലായ്‌പ്പോഴുമുണ്ടായിരിക്കണം.പ്രവൃത്തിയാണെങ്കില്‍ ലോക സൃഷ്ടി എപ്പോഴും നടക്കണം. നിവൃത്തിയാണെങ്കില്‍ ലോക സംഹാരവും എപ്പോഴും നടക്കണം. രണ്ടും കൂടി ഒരേ സമയത്ത് എങ്ങനെ സംഭവിക്കാനാണ്?
ഏതെങ്കിലും ഒന്നു മാത്രമേ നടക്കുന്നുള്ളൂ എന്ന് സമ്മതിക്കേണ്ടി വരും. ഒരു വസ്തുവില്‍ ഒരു സമയം ഒരു ഭാവമേ ഉണ്ടാകുകയുള്ളൂ.രണ്ട് ധര്‍മ്മങ്ങള്‍ ഉണ്ടാകില്ല.എന്നാല്‍ ജഗത്തിന്റെ സ്വഭാവം അതല്ല. ഒരേ സമയം തന്നെ സൃഷ്ടിയും സംഹാരവും നടക്കുന്നുണ്ട്. അതിനാല്‍ പരമാണുവാണ് ജഗത്കരണമെന്ന വാദം ശരിയല്ല.
സൂത്രം രൂപാദിമത്ത്വാച്ച വിപര്യയോ ദര്‍ശനാത്
രൂപം, രസം മുതലായത് ഉള്ളതിനാലും പരമാണു വാദം ശരിയാകില്ല. ഇവ വിപിരീത സ്വഭാവമുള്ളതായി കാണുന്നതിനാലാണിത്.
വൈശേഷികര്‍ ജഗത് കാരണമായി വാദിക്കുന്ന പരമാണുക്കള്‍ രൂപം, രസം തുടങ്ങിയ ഗുണങ്ങളുള്ളവയായാണെന്നും നിത്യങ്ങളാണെന്നും പറയുന്നു.ഇത് പരസ്പര വിരുദ്ധ കാര്യമാണ്. രൂപ രസാദികള്‍ ചേരുമ്പോള്‍ അവയുടെ അണുത്വവും നിത്യത്വവും നഷ്ടപ്പെടുന്നു. ഗുണങ്ങളുടേയും മറ്റും മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ നശിക്കാനാണ് സാധ്യത.
രൂപം മുതലായവയുള്ള വസ്തുക്കളൊന്നും നിത്യത്വമുള്ളതായി കാണുന്നില്ല. പിന്നെ എങ്ങനെയാണ് രൂപം ഉണ്ടായിട്ടും പരമാണുക്കള്‍ മാത്രം നിത്യങ്ങളായി നിലനില്‍ക്കുന്നത്? എന്നാല്‍ വൈശേഷികര്‍ പറയുന്നത് ‘രൂപാദിമന്തോ നിത്യാശ്ച’ എന്നാണ്.ഇത് എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ പരമാണുക്കളാണ് ജഗത് കാരണമെന്ന വാദം സ്വീകരിക്കാനാവില്ല.
സൂത്രം ഉഭയഥാ ച ദോഷാത്
രണ്ട് വിധത്തിലായാലും ദോഷമുള്ളതിനാല്‍ പരമാണു വാദം ശരിയല്ല.
പഞ്ചമഹാഭൂതങ്ങളില്‍ വൈശേഷികര്‍ കണക്കിലെടുക്കുന്ന വായു, അഗ്‌നി ,ജലം, പൃഥിവി എന്നീ നാല് ഭൂതങ്ങളും ക്രമത്തില്‍ സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങളോട് കൂടിയവയാണ്.ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാണാവുന്നതുമാണ്. അപ്പോള്‍ അവയുടെ കാരണങ്ങളായി വൈശേഷികര്‍ പറയുന്ന പരമാണക്കളിലും ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഉണ്ട് എന്ന് പറഞ്ഞാലും ഇല്ല എന്ന് പറഞ്ഞാലും ദോഷമുണ്ട്.
ഉണ്ടെന്ന് പറഞ്ഞാല്‍ അവ നിത്യങ്ങളല്ല എന്ന് വരും. പരമാണുക്കള്‍ അനിത്യമായാല്‍ അത് ജഗത് കാരണത്തേയും ബാധിക്കും. ഇല്ലെന്ന് പറഞ്ഞാല്‍ കാരണത്തിന്റെ ഗുണങ്ങളാണ് കാര്യത്തിലും കാണുകയെന്ന നിയമത്തിന് വിരുദ്ധമാകും. രണ്ട് തരത്തിലായാലും പരമാണുക്കളാണ് ജഗത് കാരണമെന്ന വാദത്തിന് കഴമ്പില്ല.
സൂത്രം അപരിഗ്രഹാച്ചാത്യന്തമനപേക്ഷാ
(അപരിഗ്രഹാത് ച അത്യന്തം അനപേക്ഷാ)
ശിഷ്ടന്‍മാര്‍ ഒരിക്കലും സ്വീകരിക്കാത്തതിനാലും പരമാണു വാദത്തെ അത്യന്തം തള്ളിക്കളയേണ്ടതാണ്.
വൈശേഷികരുടെ അണു വാദത്തെ മനു മുതലായ ശിഷ്ട പുരുഷന്‍മാര്‍ ഒട്ടും തന്നെ സ്വീകരിക്കുന്നില്ല.എന്നാല്‍ സാംഖ്യന്‍മാരുടെ പ്രധാന വാദത്തിലെ ചില ഭാഗങ്ങളെ സ്വീകരിക്കുന്നു. അതിനാല്‍ അവയെ വേദാന്തവും അംഗീകരിക്കുന്നു. പരമാണു വാദത്തെ ശിഷ്ടന്‍മാര്‍ പൂര്‍ണ്ണമായും എതിര്‍ക്കുകയാണ്. അതിനാല്‍ വേദാന്തത്തിനും പരമാണു വാദത്തെ സ്വീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: