തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഗണപതി ക്ഷേത്രം ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളും യാത്രക്കാരും ജീവന്‍ പണയംവെച്ച് റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയില്‍. സമീപത്ത് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടാല്‍ പോലും ആരും തിരിഞ്ഞു നോക്കാറില്ല.
പട്ടത്ത് നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന റോഡും കണ്ണമ്മൂലയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് വരുന്ന റോഡും മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും കണ്ണമ്മൂലയിലേക്ക് പോകുന്ന വാഹനങ്ങളും സംഗമിക്കുന്നത് ഗണപതിക്ഷേത്രത്തിനു മുന്നിലാണ്. ഈ റോഡ് മുറിച്ചുകടന്നാണ് മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിലേക്കും ദന്തല്‍ കോളേജിലേക്കുമുള്ള രോഗികള്‍ക്ക് പോകാന്‍. മെഡിക്കല്‍ കോളേജ് ഓഫീസിലേക്ക് പോകുന്ന യാത്രക്കാരും ഈ റോഡ് കടന്നാണ് പോകേണ്ടത്. കൂടാതെ മെഡിക്കല്‍ കോളേജ് ഡിപ്പോയില്‍നിന്നുള്ള യാത്രക്കാരും ഇതുവഴിയാണ് പോകുന്നത്.
ഇത്തരത്തില്‍ തലങ്ങുംവിലങ്ങും വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഇടയിലൂടെ വേണം രോഗികള്‍ക്കും യാത്രക്കാര്‍ക്കും കടന്നു പോകാന്‍. കണ്ണമ്മൂല ഭാഗത്തു നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തി റോഡ് മുറിച്ച് കടക്കുമ്പോഴായിരിക്കും മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും കോസ്‌മോ ജംഗ്ഷനില്‍ നിന്നുമുള്ള വാഹനങ്ങള്‍ കടന്നുവരുന്നത്. പലപ്പോഴും വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് അപകടങ്ങള്‍ സംഭവിക്കുന്നു. ഈ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ഡിപ്പോയും. ഇരുഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ പ്രവേശിക്കുന്നതു കൂടിയാകുമ്പോള്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. പലപ്പോഴും രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് പോലും ആശുപത്രിയില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയാണ്.
നിരവധി വ്യാപാരസ്ഥാപനങ്ങളും ഇതിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ് കൂടിയാകുമ്പോള്‍ ഈ ജംഗ്ഷന്‍ കടന്നുപോകണമെങ്കില്‍ ചിലപ്പോള്‍ അരമണിക്കൂര്‍ വരെ എടുക്കും. ജംഗ്ഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ട്രാഫിക് നിയന്ത്രണത്തിന് ആളില്ല എന്നാണ് ലഭിച്ച വിവരം. സ്റ്റേഷന്റെ പ്രവര്‍ത്തനത്തിനു പോലും പോലീസുകാരെ തികയുന്നില്ലെന്ന പരിഭവത്തിലാണ് അധികൃതര്‍. അപകടങ്ങള്‍ നിത്യസംഭവം ആയതോടെ ഒരു ഹോം ഗാര്‍ഡിനെയെങ്കിലും നിയമിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
















