തൃശൂര്‍: ദേവഭാഷയായ സംസ്‌കൃതത്തിന്റെ പെരുമയും ഖ്യാതിയും സംരക്ഷിക്കുന്നതില്‍ നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യത്തിന്റെ അഗ്നിശോഭയുള്ള അടാട്ടു ഗ്രാമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ന്യൂദല്‍ഹിയിലെ രാഷ്‌ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍ കല്‍പ്പിത സര്‍വകലാശാല അടാട്ട് ഗ്രാമത്തെ ദത്തെടുത്തു.
സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനവും വളര്‍ച്ചയുമാണ് ഗ്രാമത്തെ ഏറ്റെടുത്തതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്‌കൃത ഭാഷയ്‌ക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയ പി.ടി. കുര്യാക്കോസ് മാസ്റ്ററോടുള്ള ആദരവും കൂടിയാണ് കേന്ദ്രം പ്രകടിപ്പിച്ചത്. 110 വര്‍ഷം മുമ്പ് പാവറട്ടിയില്‍ പി.ടി. കുര്യാക്കോസ് മാസ്റ്റര്‍ സ്ഥാപിച്ച സംസ്‌കൃത കോളേജാണ് ഇന്നിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പാവറട്ടിയിലും പുറനാട്ടുകരയിലുമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍ ഗുരുവായൂര്‍ സെന്റര്‍.
പുറനാട്ടുകരയിലാണ് ആസ്ഥാന മന്ദിരം. എഴുപതുകളുടെ തുടക്കത്തില്‍ പാവറട്ടിയിലെ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. അധികം വൈകാതെ ഇന്ത്യയിലെ ആറാമത്തെ സംസ്‌കൃത വിദ്യാപീഠമാക്കി കോളേജിനെ ഉയര്‍ത്തി. ആസ്ഥാനം പുറനാട്ടുകരയിലെ വലിയ ക്യാമ്പസിലേക്ക് മാറ്റിയതോടെ രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്‍ കല്‍പിത സര്‍വകലാശാലയായി മാറി. ഇതരമതക്കാര്‍ സംസ്‌കൃതം പഠിക്കാനായി എത്തിത്തുടങ്ങിയതോടെ അതൊരു ജനകീയ മുന്നേറ്റമായി. ഇപ്പോള്‍ പുറനാട്ടുകര ഉള്‍പ്പെടുന്ന ഗ്രാമത്തെത്തന്നെ ദത്തെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ 12 സംസ്‌കൃത കോളേജുകളാണ് ഉള്ളത്. ജുബാര്‍ത്ത (ത്രിപുര), മസോട്ട് (ഹിമാചല്‍പ്രദേശ്), ചിത്തെബാലി (കര്‍ണ്ണാടക), ബരായ് (മധ്യപ്രദേശ്) എന്നിവയാണ് ദത്തെടുത്ത മറ്റുഗ്രാമങ്ങള്‍. ദത്തെടുത്തതോടെ ദേശീയ പ്രശസ്തിയിലേക്കുയരുകയാണ് അടാട്ട് ഗ്രാമം.
















