തൃശൂര്‍ : കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ജാഥയ്‌ക്കും, വീക്ഷണം പത്രത്തിന് വരിക്കാരെ ചേര്‍ക്കുന്നതിനുമായി പിരിച്ച ഒരു കോടിയിലേറെ തുക തൃശൂര്‍ ഡിസിസി അംഗങ്ങള്‍ വെട്ടിച്ചതായി ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്നും അടുത്തിടെ രാജിവെച്ച ടി. എന്‍. പ്രതാപന്‍ എംപിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ ആരോപണങ്ങള്‍.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായി ചമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് ജാഥകള്‍ നടത്തുന്നതിനും മറ്റുമായി 2.20 കോടി രൂപ തൃശൂര്‍ ഡിസിസി പിരിച്ചിട്ടുണ്ട്. ഇതില്‍ 1.10 കോടി മത്രമാണ് കെപിസിസിക്ക് കൈമാറിയത്. ബാക്കി പണം ഡിസിസി പ്രവര്‍ത്തനങ്ങള്‍ക്കായി കൈവശം വെയ്‌ക്കുകയായിരുന്നു.
എന്നാല്‍ ഈ പണം വിനിയോഗിച്ചതിനെതിരെ ഡിസിസി മുന്‍ പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായയാള്‍ കെപിസിസിക്ക് പരാതി നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച് പുറത്തറിയുന്നത്. ഡിസിസിക്ക് ലഭിച്ച തുക അനാവശ്യമായി ചെലവഴിച്ചതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധിയെ തൃപ്രയാറില്‍ എത്തിച്ച് പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നതിനായി ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച് പിരിവെടുത്തത് കൂടാതെ ഡിസിസിയുടെ ഫണ്ടും ഉപയോഗിച്ചെന്നാണ് ഇപ്പോള്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം പിരിച്ചെടുത്ത ഒരു കോടി കൈവശം ഉള്ളപ്പോള്‍ തന്നെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളുടെ കണ്‍വെന്‍ഷന്‍, പഠന ക്യാമ്പ്, കോടതികളില്‍ നിന്നും ജാമ്യമെടുക്കല്‍ എന്നിവക്ക് പണം ആവശ്യപ്പെട്ടിട്ടും ഡിസിസി നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡിസിസി യോഗം ചേരാത്തതിനാല്‍ കണക്ക് അവതരണം പോയിട്ട് സംഘടന കാമ്പയിനുകള്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് കത്തില്‍ ഉന്നയിക്കുന്നത്. ടി.എന്‍ പ്രതാപന്‍ ജില്ലാ നേതൃത്വത്തില്‍ ഉള്ളപ്പോഴാണ് വെട്ടിപ്പുകള്‍ നടന്നിട്ടുള്ളത്.
കൂടാതെ പാര്‍ട്ടി പത്രമായ വീക്ഷണത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തകരില്‍ നിന്നും 2,000 രൂപ നിരക്കില്‍ വരിക്കാരെ കണ്ടെത്തി പണം മുന്‍കൂര്‍ ഡിസിസിയില്‍ അടച്ചു. ഇപ്പോള്‍ പത്രം അച്ചടി നിര്‍ത്തിയിരിക്കുകയാണ്. ഈ പണം ചെലവഴിച്ചതിനും വ്യക്തമായ കണക്കുകളോ മറുപടിയോ ജില്ലാ നേതൃത്വം നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
















