അഞ്ചല്‍: സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന അംഗത്വപ്രചാരണം സാമൂഹ്യമാധ്യമങ്ങളിലും തരംഗമാകുന്നു. സാധാരണ പ്രവര്‍ത്തകര്‍ നേരിട്ട് പുതിയ അംഗങ്ങളെ സമീപിച്ച് അംഗത്വഫോറം പൂരിപ്പിച്ച് വാങ്ങുന്ന പതിവ് ശൈലിക്ക് പുറമെയാണ് ഈ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ്.
അംഗമാകാന്‍ ഉദ്ദേശിക്കുന്നവര്‍ മൊബൈല്‍ഫോണ്‍ മുഖേനയാണ് അംഗത്വം എടുക്കുന്നത്. ബിജെപി കേന്ദ്രനേതൃത്വം സജ്ജീകരിച്ചിരിക്കുന്ന ടോള്‍ഫ്രീ നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യുകയാണ് ആദ്യപടി. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ബിജെപിയുടെ അംഗത്വ ആപ്ലിക്കേഷനില്‍ ടൈപ്പ് ചെയ്ത് ഫോട്ടോ കൂടി നല്‍കിയാല്‍ ഉടന്‍ മൊബൈലില്‍ ഫോട്ടോ പതിച്ച അംഗത്വ രസീത് ലഭിക്കും.
വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നവരെകൂടി അംഗത്വമെടുപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ മത്സരമാണ്. തുടര്‍ന്ന് ലഭിക്കുന്ന അംഗത്വ രസീത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രൊഫഷണലുകളും ധാരാളം ഓണ്‍ലൈനായി അംഗത്വമെടുക്കുന്നുണ്ട്. ഡിജിറ്റല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഡിജിറ്റല്‍ ഇന്ത്യ പടുത്തുയര്‍ത്തുകയും ചെയ്യുന്ന ബിജെപിക്ക് ഇനി ഡിജിറ്റല്‍ അംഗങ്ങളും.
















