തിരുവനന്തപുരം: തകര്‍ന്നടിഞ്ഞ് പൊന്നറ നഗര്‍ – വലിയതുറ റോഡ്. ചാക്ക – കോവളം ദേശീയപാതയില്‍ നിന്നും വള്ളക്കടവില്‍ നിന്നും വലിയതുറയിലേക്ക് കടക്കുന്ന പ്രധാന റോഡിനാണ് ഈ ദുരവസ്ഥ. റോഡിന്റെ പലഭാഗങ്ങളും മാസങ്ങളായി തകര്‍ന്ന് കിടക്കുന്നു. ഇതോടെ അപകടങ്ങളും പതിവായി. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. സെന്റ്‌സേവ്യേഴ്‌സ് ജംഗ്ഷനിലും വലിയതുറ മാര്‍ക്കറ്റ് ഭാഗത്തുമാണ് വലിയ തകര്‍ച്ചയുള്ളത്. മഴയിലെ വെള്ളക്കെട്ടില്‍ കുഴികള്‍ അറിയാതെ വീണവര്‍ ഏറെ. കാല്‍നടപോലും ദുഷ്‌കരം.
മുട്ടത്തറ എഞ്ചിനീയറിങ് കോളേജുള്‍പ്പെടെ നിരവധി വിദ്യാലയങ്ങളും ആരാധനാലയങ്ങളും സമീപത്തുള്ളതിനാല്‍ വലിയ തിരക്കേറിയ റോഡാണിത്. തകര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അടിയന്തരമായി റോഡ് നവീകരണം നടത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും വിദ്യാര്‍ഥികളും. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കായി നടപടികള്‍ തുടങ്ങിയതായാണ് അധികൃതര്‍ പറയുന്നത്.
















