ആര്യനാട്: അരുവിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വധുവരന്മാര്‍ക്ക് കതിര്‍മണ്ഡപത്തില്‍ വെച്ച് അംഗത്വം നല്‍കി. അരുവിക്കര സരസ്വതി വിലാസത്തില്‍ ചെറ്റച്ചല്‍ ആര്‍. വേണുകുമാരന്‍ പിള്ളയുടെ മകന്‍ വിജേഷും നന്ദുഭവനില്‍ ഒന്നാംപാലം പറണ്ടോട് സുരേഷിന്റെ മകള്‍ കാര്‍ത്തികയുമാണ് വിവാഹപ്പന്തലില്‍ വെച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപി അംഗത്വം സ്വീകരിക്കുവാനുള്ള വിജേഷിന്റെ ആഗ്രഹം മണ്ഡലം പ്രസിഡന്റ് മുളയറ രതീഷിനെ അറിയിക്കുകയും ബിജെപി കുടുംബത്തിലേക്ക് അംഗമാകാനുള്ള കാര്‍ത്തികയുടെ സമ്മതവും കൂടി ചേര്‍ന്നപ്പോള്‍ അംഗത്വം സ്വീകരിക്കുന്നത് വിവാഹപന്തലില്‍ വെച്ച് നടക്കട്ടെയെന്ന് കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹചടങ്ങിന് ശേഷം അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ടോള്‍ഫ്രീ നമ്പരിലൂടെ അംഗത്വം ചേര്‍ക്കുകയായിരുന്നു. മണ്ഡലം ജനറല്‍സെക്രട്ടറിമാരായ പൂവച്ചല്‍ ജ്യോതികുമാര്‍, എം.ബി. രഞ്ജിത്ത്, സംസ്ഥാന സമിതിയംഗം പ്രീതാ ശ്രീകുമാര്‍, ബിജെപി കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനില്‍, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തംഗം കൃഷ്ണകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
















