കൊച്ചി : കുടിവെള്ളപദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചിട്ട് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാത്തതിനെ തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എ തന്നെ പിണറായി സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്താനൊരുങ്ങുന്നു. തൃപ്പൂണിത്തുറ മണ്ഡലം എംഎല്‍എയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നത്.
മരട് നഗരസഭയില്‍ ശുദ്ധജല വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് 23.16 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടവും പൂര്‍ത്തിയായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍, കുഴിക്കുന്ന റോഡുകള്‍ ഉടന്‍തന്നെ പുനര്‍നിര്‍മിക്കാന്‍ തുക നല്‍കുമെന്ന് ജല അതോറിട്ടിയും സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, വളരെ നല്ല രീതിയില്‍ യാത്രാ യോഗ്യമായിരുന്ന റോഡുകള്‍ വെട്ടിപ്പൊളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡുകള്‍ നിര്‍മിക്കാനുള്ള തുക കൈമാറാത്തതിനെ തുടര്‍ന്നാണ് സമരത്തിന് ഒരുങ്ങുന്നത്.
പൊതുമരാമത്ത് വകുപ്പിന്റേതുള്‍പ്പെടെ നഗരസഭയില്‍ 84 കിലോ മീറ്റര്‍ റോഡാണ് കുടിവെള്ള വിതരണത്തിനായി വെട്ടിപ്പൊളിക്കുന്നത്. 400 എംഎം പൈപ്പിടാന്‍ മധ്യഭാഗം വെട്ടിപ്പൊളിച്ച റോഡിലൂടെ കാല്‍നട യാത്രപോലും ക്ലേശകരമായിരിക്കുകയാണ്. ധന വകുപ്പില്‍ നിന്നു തുക കൈമാറാത്തതാണ് റോഡ് പുനര്‍ നിര്‍മാണം വൈകുന്നതിനുള്ള കാരണമായി ജല വകുപ്പ് അറിയി്ച്ചത്.
ഇതോടെ പരിഹാരം ആവശ്യപ്പെട്ട് എം. സ്വരാജ് ധനമന്ത്രി തോമസ് ഐസക്കിന് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പദ്ധതിക്കായുള്ള മുഴുവന്‍ തുകയും ജല അതോറിറ്റിക്ക് നല്‍കാമെന്ന് ഉറപ്പും നല്‍കി. പണം ജല അതോറിറ്റിയില്‍ എത്തിയാല്‍ ഉടന്‍ നഗരസഭയ്‌ക്ക് കൈമാറും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജല അതോറിറ്റി എംഡി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉന്നയിച്ച്, തുക നല്‍കുന്നത് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ ആരോപണം.
ഇതില്‍ പ്രതിഷേധിച്ച് 10ന് തിരുവനന്തപുരത്തെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തിനുമുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് എം. സ്വരാജ് അറിയിച്ചു.
മഴയായതോടെ യാത്രാദുരിതവും ഏറി. ഗാര്‍ഹിക കണക്ഷനുകള്‍ പോലും പൂര്‍ണമായിട്ടില്ല. ഇനി പദ്ധതി വിഹിതം ലഭിച്ച് റോഡ് പുനര്‍ നിര്‍മാണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ ഭരണപക്ഷ എംഎല്‍എ തന്നെ രംഗതെത്തിയിരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















