തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള രക്താര്‍ബുദ രോഗികള്‍ക്ക് നല്‍കേണ്ട അവശ്യമരുന്നുകള്‍ ആര്‍സിസി ഫാര്‍മസിയില്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ വലഞ്ഞു.
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന ബ്ലഡ് കാന്‍സറിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ മരുന്നില്ലാതെ വിലപിക്കുന്നു. കുട്ടികള്‍ക്ക് ഇവിടെ കാന്‍സര്‍ ചികിത്സ സൗജന്യമായതിനാല്‍ത്തന്നെ ആര്‍സിസി ഫാര്‍മസിയില്‍ നിന്ന് സൗജന്യമായി കിട്ടിയിരുന്ന മരുന്നുകളാണ് ലഭ്യമല്ലാത്തത്. പുറത്തെ ഫാര്‍മസികളില്‍ ഇവ കിട്ടാനുമില്ല.
നിരവധി കുഞ്ഞുങ്ങളുടെ രക്ഷകര്‍ത്താക്കളാണ് മരുന്നിനായി നെട്ടോട്ടമോടുന്നത്. പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സാഹചര്യത്തെക്കുറിച്ച് അനേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആര്‍സിസി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതേത്തുടര്‍ന്ന് ആര്‍സിസി ഫാര്‍മസിയില്‍ കീമോതെറാപ്പിക്കുള്ള മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ അനുമതിയോടെ ലോക്കല്‍ പര്‍ച്ചേസ് പ്രകാരം വാങ്ങി ലഭ്യമാക്കിയതായി ഡയറക്ടര്‍ അറിയിച്ചു.
















