തിരുവനന്തപുരം: ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കള്‍ പോലീസിനെ ആക്രമിച്ച് പോലീസ് ബസും ട്രാഫിക് ചാനലൈസറുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പരിക്കേറ്റ എസ്‌ഐയടക്കം 5 പോലീസുദ്യോഗസ്ഥര്‍ ജൂലൈ 27 നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസ് പിന്‍വലിക്കാന്‍ അനുമതിതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച കേസ് പിന്‍വലിക്കല്‍ അപേക്ഷയില്‍ തങ്ങളുടെ നിലപാട് അറിയിക്കാനാണ് പരിക്കേറ്റ പോലീസുദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തുന്നത്.
വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ രഹസ്യമായി പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം ഇരകളുടെ ഭാഗം കേള്‍ക്കാതെ കേസ് പിന്‍വലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയയ്‌ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ഇരകളുടെ ഭാഗം കേള്‍ക്കാതെയും കേസ് പിന്‍വലിക്കല്‍ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാകുമോയെന്ന കാര്യം പരിശോധിക്കാതെയും കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്‍നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, മുന്‍ ഡിവൈഎഫ്‌ഐ നേതാവും തിരുവനന്തപുരം നഗരസഭാ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു ഉള്‍പ്പെടെ കേസില്‍ ഇരുപത്തിയാറ് പ്രതികളാണുള്ളത്.
2014 ജനുവരി 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വയംഭരണകോളേജുകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതികള്‍ നിയമസഭാ മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി. അവിടെ നിന്നും പിരിഞ്ഞുപോയ പ്രതികള്‍ സംഘം ചേര്‍ന്ന് പോലീസുകാരെ ദേഹോപ്രദവം ഏല്‍പ്പിക്കുകയായിരുന്നു.
















