കൊല്ലം: തെന്മല റേഞ്ചിലെ കളംകുന്ന് സെക്ഷനിലെ വനമേഖലയില്‍ ചതുപ്പ് പ്രദേശത്ത് നിന്നും കരയാമകളെ പിടികൂടി കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയടക്കം രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി കുളത്തുപ്പുഴ വില്ലുമല ആയിരവല്ലിക്കോണം ഷാജി, നെടുമങ്ങാട് പാളയത്തുംകുഴി ശന്തിഭവനില്‍ വിക്രമന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പുനലൂര്‍ വനം കോടതിയില്‍ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് പതിമൂന്ന് കരയാമാകളുമായി നെടുമങ്ങാട് സ്വദേശികളായ ബിനു, രഘു എന്നിവരെ വനപാലകര്‍ പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ ഷാജിയും ബന്ധുവായ വിക്രമനും ഒളിവില്‍ പോവുകയായിരുന്നു. വനപാലകര്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇരുവരും കഴിഞ്ഞ ദിവസം കോടതിയില്‍ എത്തി കീഴടങ്ങിയത്. കീഴടങ്ങിയ ഇരുവരെയും ഇന്ന് തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി വനപാലകര്‍ കസ്റ്റഡിയില്‍ വാങ്ങി.
ഷാജിയും വിക്രമനെയും സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കാട്ടുമൃഗങ്ങളെ വേട്ടയാടി അവയുടെ ഇറച്ചി വില്‍പ്പന നടത്തുകയാണ് പ്രതിയായ ഷാജിയുടെ പ്രധാന തൊഴില്‍ എന്ന് വനപാലകര്‍ പറഞ്ഞു. തെന്മല റേഞ്ച് ഓഫീസര്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ സജീവ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിജുകുമാര്‍, സുനില്‍, രാഹുല്‍ സിംഗ്, ട്രൈബല്‍ വാച്ചര്‍ അനുരുദ്ധന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
















