തൃശൂര്‍ : അപകടസമയത്ത് നമുക്ക് താങ്ങും തണലുമായി എത്തുന്നവരെ ജീവിതത്തില്‍ ഉടനീളം മറക്കാന്‍ സാധിക്കില്ല. എന്നാല്‍ രക്ഷയ്‌ക്കെത്തുന്നത് ഒരു താരം ആണെങ്കിലോ? ഇത്തരത്തില്‍ നടി അനുശ്രീയുടെ സമയോചിതമായ ഇടപെടലില്‍ കാഴ്ച തിരിച്ചുകിട്ടിയ യുവാവിന്റെ എഫ്ബി പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
അനുശ്രീയുടെ സംയോജിത ഇടപെടല്‍ മൂലം തനിക്ക് കാഴ്ച തിരിച്ചുകിട്ടിയ അനുഭവം റംഷാദ് ബക്കര്‍ എന്ന യുവാവാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
റംഷാദിന്റെ ഫുള്‍ജാര്‍ കടയില്‍ അതിഥിതായായെത്തിയതായിരുന്നു അനുശ്രീ. ഇതിനിടെ സോഡാക്കുപ്പികള്‍ കൂട്ടി അടിച്ചു പൊട്ടി അതില്‍ നിന്ന് ചില്ല് റംഷാദിന്റെ കണ്ണില്‍ തറച്ചുകയറി. എന്നാല്‍ ഒട്ടും അമാന്തിക്കാതെ അനുശ്രീ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും ചികിത്സയ്‌ക്കുവേണ്ട സഹായങ്ങള്‍ ചെയ്തതും അവര്‍ തന്നെ. താരത്തിന്റെ സമയോചിതമായ ഇടപെടലും സര്‍വേശ്വരന്റെ കാരുണ്യവുമാണ് തന്നെ രക്ഷിച്ചതെന്നുമാണ് റംഷാദ് കുറിച്ചിരിക്കുന്നത്.
റംഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
അപകടം പറ്റിയ ശേഷം കുറച്ച് ദിവസം നല്ല ടെന്‍ഷന്‍ ആയിരുന്നു അത് കൊണ്ട് പലരുടെയും കോള്‍ ഒന്നും എനിക്ക് എടുക്കാന്‍ സാധിച്ചിരുന്നില്ല, ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുക്ക് അത് തരണം ചെയ്യാന്‍ സര്‍വ്വേശ്വരന്‍ ഒരു സഹായിയേ തരും ഒരു രക്ഷകനായി എനിക്കും ഉണ്ടായി അതുപോലെ ഒരാള്‍
ശനിയാഴ്‌ച്ച ഏകദേശം വൈക്കീട്ട് 5 മണി കഴിഞ്ഞു കാണും എന്റെ ഫോണിലേക്ക് പിങ്കിയുടെ കോള്‍ ‘റംഷാദേ എവിടെയാ കുലുക്കി സര്‍ബ്ബത്തിന്റെ ഷോപ്പ് ‘
ഞാന്‍ ഷോപ്പ് പറഞ്ഞു കൊടുത്തു ഒരു അര മണിക്കൂറിന് ശേഷം ഷോപ്പിന്റെ ഫ്രണ്ടില്‍ ഒരു കാര്‍ വന്നു നിര്‍ത്തി അതില്‍ നിന്ന് ആദ്യം ഇറങ്ങിയത് മലയാളത്തിലെ നമ്മുടെ നായിക അനുശ്രീ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
തൊട്ടുപിന്നില്‍ നിന്ന് പിങ്കിയും
‘ അനുവിന് ഫുള്‍ജാര്‍ സോഡ കുടിക്കണംന്ന് പറഞ്ഞു അതാ ഇങ്ങോട്ട് വന്നത് പിന്നെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഫുള്‍ജാര്‍ സോഡ എടുത്തോ ‘
അവര്‍ക്ക് ഫുള്‍ജാര്‍ സോഡ എടുക്കുന്ന തിരക്കില്‍ ഞാനും. അത് കുടിക്കുന്നത് ടിക്ക്ടോക്ക് എടുക്കാനുള്ള തിരക്കില്‍ അവരും. സോഡ എടുക്കുന്ന തിരക്കിനിടയില്‍ എന്റെ കൈയബദ്ധത്താല്‍ കുപ്പികള്‍ കുട്ടി അടിച്ചു പൊട്ടി അതില്‍ നിന്ന് ചില്ല് കഷ്ണം എന്റെ മേല്‍ കണ്‍പോളപൊളിഞ്ഞു കണ്ണില്‍ കയറി.
എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പതറിയ നിമിഷം.
‘ഉടനെ തന്നെ അനുശ്രീ ഉറക്കെ പറയുന്നത് കേട്ടൂ ഉടനെ ആശുപത്രിയിലേക്ക് എത്തിക്കണം’ ‘ഒന്നും ഉണ്ടാകില്ല ഇപ്പം ഹോസ്പിറ്റല്‍ എത്തും ‘
കാറില്‍ ഇരുന്ന് കരയുന്ന എന്നെ അനുശ്രീ ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു. ഈ സമയം കൊണ്ട് തന്നെ കൊടുങ്ങല്ലൂര്‍ ഉള്ള രണ്ട് ആശുപത്രികളും ഞങ്ങളെ കയ്യൊഴിഞ്ഞു.
കൊടുങ്ങല്ലൂരുള്ള കണ്ണാശുപത്രിയില്‍ നിന്നാണേല്‍ അത്യാവശ്യം ഫസ്റ്റിയിടും അതിലുപരി ഒരു ലോഡ് ടെന്‍ഷനും തന്ന് എത്രയും പെട്ടന്ന് അങ്കമാലിയിലേക്ക് എത്തിക്കൂ ഇതൊടെ അവരുടെ റോള്‍ പൂര്‍ണ്ണം.
അപ്പോഴേക്കും എന്റെ അനുജന്‍ എത്തി അവന്‍ അനുവിനോടും പിങ്കിയോടും പറഞ്ഞു അങ്കമാലിലേക്ക് ഞങ്ങള്‍ കൊണ്ട് പൊയ്‌ക്കൊളാന്ന്..
അനുപറഞ്ഞൂ. ‘വേണ്ട ഞങ്ങള്‍ എത്രയും പെട്ടന്ന് അങ്കമാലിയില്‍ എത്തിക്കാം നിങ്ങള്‍ അങ്ങോട്ട് എത്തിയാല്‍ മതി’ ഉടനെ തന്നെ വണ്ടി എടുത്തൂ.
അങ്കമാലി എല്‍എഫില്‍ എന്നെ എത്തിച്ചൂ. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അനുശ്രീ തന്നെ നേരിട്ട് ഇടപെട്ട് ഡോക്ടര്‍മാരെ കൊണ്ട് ചെയ്യിക്കുന്നുണ്ടായിരുന്നൂ.
ടെസ്റ്റ് റിസള്‍ട്ടൊക്കെ വരട്ടെ എന്നിട്ട് ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചക്കോ ആയി ഡോക്ടര്‍ സര്‍ജ്ജറിക്ക് നിര്‍ദ്ദേശിച്ചൂ അത്യാഹിത വിഭാഗത്തില്‍ നിന്നും എന്നെ വാര്‍ഡിലേക്ക് മാറ്റി അപ്പോഴേക്കും ഏകദേശം 10 മണി ആയിക്കാണും.
വിട്ടുകാരോട് പിങ്കി വന്ന് പറയുന്നത് കേട്ടൂ ‘ഇതുവരെയുള്ള എല്ലാ ബില്ലും അനു അടച്ചിട്ടുണ്ട് പിന്നെ കുറച്ച് ക്യാഷ് അഡ്വാന്‍സും അടച്ചിട്ടുണ്ട് എല്ലാ ബിലും മരുന്നും ഇതാ. പിങ്കി എന്റെ അനുജനെ ഏല്‍പ്പിച്ചൂ.
ഇറങ്ങാന്‍ നേരം അനു എന്റെ അടുത്തുവന്നു പറഞ്ഞു ഒരു ടെന്‍ഷനും വേണ്ട ഞങ്ങളൊക്കെ ഉണ്ട് എന്ത് ഉണ്ടെങ്കിലും വിളിക്കണേ നമ്പര്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. അടുത്ത ദിവസം ഞാന്‍ വരാട്ടോ എന്ന് പറഞ്ഞു ഇറങ്ങി,
പിന്നീട് എന്റെ ഹോസ്പിറ്റലിലെ ഓരോ കാര്യങ്ങളും അനുജനോട് അനുശ്രീ അന്വേഷിക്കുന്നുണ്ടായിരുന്നു. സര്‍വ്വേശ്വരന്റെ കാരുണ്യത്താലും ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവരുടെ പ്രാര്‍ത്ഥനയാലും ഞാന്‍ സുഖപ്പെട്ടു വരുന്നൂ.
ഇന്നലെ വൈകീട്ട് അനുവും പിങ്കിയും പിന്നെ ഡ്രൈവറുചേട്ടനും കോസ്റ്റ്യും ബ്രോയും ഫ്രൂട്ട്സും ഒക്കെയായി വീണ്ടും വന്നിരുന്നൂ. ഞാന്‍ സുഖമായി വരുന്നതറിഞ്ഞ് സന്തോഷത്തോടെയാ തിരിച്ച് പോയത്.
പോകും വഴി അനുശ്രീ ‘പെട്ടന്ന് സുഖമായിട്ട് വേണം കുലുക്കി സര്‍ബ്ബത്തും ഫുള്‍ജാറും എല്ലാം നമ്മുക്ക് സെറ്റാക്കണം ആ മുടങ്ങിപ്പോയ ഫുള്‍ജാര്‍ അവിടെ നിന്നും എനിക്ക് കുടിക്കണം ഞാന്‍ വരാം ട്ടോ’. അനുശ്രീയുടെ ആ നേരത്തെ സമയോചിതമായ ഇടപെടലും സര്‍വ്വേശ്വരന്റ
കരുണ്യവുമാണ് എന്റെ ചികിത്സപെട്ടന്നായത്. ഒരു പക്ഷേ ചികിത്സ കിട്ടാന്‍ വൈകിയിരുന്നാല്‍ ചിലപ്പോള്‍ എന്റെ കാഴ്‌ച്ച തന്നെ നഷ്ടപ്പെട്ടേനെ…
ഒരു പാട് സ്നേഹവും നന്ദീയും അനുശ്രീ പിങ്കി….
















