ന്യൂദല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേയില്‍ കാര്‍ഷിക മേഖലയ്‌ക്ക് മുന്‍തൂക്കം. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തോടനു ബന്ധിച്ച് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍വെച്ചത്.
മുതിര്‍ന്ന സാത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ രാജ്യത്തെ സാമ്പത്തിക രംഗത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. കൂടാതെ വരുന്ന വര്‍ഷം സമ്പദ്‌വ്യവസ്ഥയ്‌ക്ക് മുന്നേറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാര്‍ച്ച് 31ന് അവസാനിച്ച 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായത്. എന്നാല്‍, നിലവില്‍ സമ്പദ് വ്യവസ്ഥ കര കയറുന്നതിന്റെ സൂചനകളാണ് ഉള്ളത്. കൂടാതെ ഇന്ധനവില കുറയാനാണ് സാധ്യതയെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സമ്പദ് വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മാത്രമേ 2025ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കണമെന്നും നിക്ഷേപത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
















