ആലപ്പുഴ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുണയായി കേന്ദ്രസർക്കാർ, ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമിക്കാൻ ഓർഡർ. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് ഇത്തരത്തിലുള്ള ഓർഡർ ലഭിക്കുന്നത്. ഉത്തര റെയിൽവേയിൽ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണ് ആവശ്യമായ ബോഗിയാണ് ഓട്ടോകാസ്റ്റ് നിർമിക്കുക. തുടക്കക്കാർ എന്ന നിലയിൽ അഞ്ചുശതമാനം ബോഗി നിർമിക്കാനുള്ള ഓർഡർ മാത്രമേ ഓട്ടോകാസ്റ്റിന് ലഭിക്കൂ. റെയിൽവേ നിശ്ചയിച്ച നിലവാരത്തിൽ ബോഗി നിർമിച്ചുനൽകിയാൽ തുടർന്നുള്ള ടെൻഡറുകളിൽ യോഗ്യത നേടുമ്പോൾ 20 ശതമാനം നിർമിക്കാം. അതും വിജയകരമായി പൂർത്തിയാക്കിയാൽ തുടർ ടെൻഡറുകളിൽ മുഴുവൻ ബോഗികളും നിർമിക്കാം. റെയിൽവേയുടെ ഗുണപരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റ (ആർഡിഎസ്ഒ) ‘ക്ലാസ് എ ഫൗണ്ടറി’ അംഗീകാരം മാർച്ചിൽ ഓട്ടോകാസ്റ്റ് നേടിയിരുന്നു. ഇതോടെയാണ് ഇന്ത്യൻ റെയിൽവേക്കാവശ്യമായ ബോഗി, കപ്ലർ, ബഫർഫ്ളാഞ്ച് എന്നീ ഉൽപ്പന്നങ്ങളുടെ ടെൻഡറുകളിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
പ്രതിവർഷം 4800 ടൺ സ്റ്റീൽകാസ്റ്റിങ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളവർക്കാണ് ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിക്കുക. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകാസ്റ്റിൽ ബോഗി നിർമിച്ചിട്ടുണ്ട്. നിർമാണ അനുമതി ലഭിച്ചാൽ മാസം 200-250 ബോഗിചേസിസുകൾ ഇവിടെ നിർമിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. നിലവിൽ 382 സ്ഥിരം ജീവനക്കാരും 400 മറ്റ് തൊഴിലാളികളുമാണ് ഓട്ടോകാസ്റ്റിലുള്ളത്. ബോഗി നിർമാണം പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ 500 മുതൽ 1000 വരെ പ്രത്യക്ഷ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ ഇടതുപക്ഷത്തിന്റെ പിന്തുണയിൽ യുപിഎ കേന്ദ്രം ഭരിക്കുമ്പോൾ ഓട്ടോകാസ്റ്റിൽ ബോഗി നിർമ്മാണ യുണിറ്റ് അനുവദിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പായില്ല. ഇതിന്റെ പേരിൽ രാഷ്‌ട്രീയ കോലാഹലങ്ങൾ ഏറെ ഉണ്ടായെങ്കിലും പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഓട്ടോക്കാസ്റ്റിന് അനുകൂലമായ തീരുമാനമെടുത്തത്. നേരത്തെ മരുന്ന് നിർമ്മാണ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ കലവൂരിലെ കെഎസ്ഡിപിക്കും കേന്ദ്രസർക്കാർ ഓർഡർ നൽകി സഹായിച്ചിരുന്നു. ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലേക്കുള്ള മരുന്നുകൾ നൽകുന്നതിനുള്ള ഓർഡറുകളാണ് നൽകിയത്. വികസനത്തിൽ രാഷ്‌ട്രീയമില്ല എന്ന കേന്ദ്രസർക്കാർ നിലപാടാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗുണകരമായി മാറുന്നത്.
















