കോട്ടയം: സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് അപമര്യാദയായി പെരുമാറിയെന്ന് വീട്ടമ്മയുടെ പരാതി. അങ്കണവാടി ഹെല്‍പ്പര്‍ ജോലി ലഭിക്കാന്‍ സമീപിച്ചപ്പോഴാണ് വിധവയായ വീട്ടമ്മയോട് മോശമായി പെരുമാറിയത്. ഇത് സംബന്ധിച്ച് വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനനെതിരെ വനിതാകമ്മീഷനും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതായി വീട്ടമ്മ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
2017 മെയ് 23 മുതല്‍ നവംബര്‍ 20 വരെ 6 മാസക്കാലം ഉദയനാപുരം 7-ാം വാര്‍ഡില്‍ അങ്കണവാടിയില്‍ ഹെല്‍പ്പറായി വീട്ടമ്മ ജോലിചെയ്തിരുന്നു. പിന്നീട് 180 ദിവസം വീണ്ടും അതേ അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി ചെയ്തു വരവേ ഹെല്‍പ്പര്‍ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ ഒഴിവിലേക്ക് പ്രസിഡന്റ് പി.എസ്.മോഹനന് ചെയര്‍മാനായ പതിനൊന്ന് അംഗ ഇന്റര്‍വ്യൂ പാനലിന് മുമ്പില്‍ ഇന്റര്‍വ്യൂവിന് ഹാജരായി.
സിപിഎം പ്രവര്‍ത്തകയായ വീട്ടമ്മ പാര്ട്ടിനേതാക്കന്മാരെ കാണുകയും ജോലി ലഭിക്കാന്‍ അര്‍ഹതയെന്ന് പറയുകയും ചെയ്തു.നിയമനത്തെകുറിച്ച് അന്വേഷിക്കാന്‍ 2018 നവംബര്‍ 2ന് പഞ്ചായത്തില്‍ എത്തിയ വീട്ടമ്മയെ പ്രസിഡന്റ് മുറിയിലേക്ക് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
വാര്‍ത്താസമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷൈലമ്മ രാജപ്പന്, ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേലി എന്നിവര്‍ പങ്കെടുത്തു.
















